Quantcast

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബി.ജെ.പി കൗൺസിലർ അറസ്റ്റിൽ

കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശബരി എസ് നായരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-05-02 08:16:53.0

Published:

2 May 2023 8:15 AM GMT

sandipananthagiri, bjp, arrested
X

തിരുവനന്തപുരം: സന്ദീപാന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ പിടിപി നഗർ വാർഡ് കൗൺസിലർ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശബരി എസ് നായരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ആശ്രമം കത്തിച്ചതിൽ നേരിട്ട് പങ്കെടുത്തയാളാണ് കരുമംകുളം സ്വദേശിയായ ശബരി എസ് നായർ. കേസിലെ ഒന്നാം പ്രതിയായ പ്രകാശും ശബരിയും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് മറ്റുപ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. പ്രകാശും ശബരിയും ഒരുമിച്ച് ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

കേസിലെ മൂന്നാം പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിന്റെ മൊഴിയും പരിശോധിച്ചാണ് ശബരിയെ അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിക്കാൻ ഗൂഢാലോചന നടത്തയതിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെയാണ് വി ജി ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതും ഗിരികുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യക്ക് പിന്നാലെ സഹോദരൻ നടത്തിയ വെളിപ്പെടുത്തലാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

ശബരിക്കൊപ്പം ചേർന്ന് താനാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രകാശ് സഹോദരനോട് പറഞ്ഞത്. 2018 ഒക്ടോബറിലാണ് തിരുവനന്തപുരം കുണ്ടുമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ മുൻഭാഗവും വാഹനവും തീയിട്ട് നശിപ്പിച്ചത്.

TAGS :

Next Story