'എല്ലാം ഷാഫിയുടെ കുതന്ത്രം, ഷാഫി എങ്ങനാ കഴിഞ്ഞ ഇലക്ഷൻ ജയിച്ചത് എന്ന് എനിക്കറിയാം...'- പി സരിൻ
"ഇതിനുമപ്പുറത്തെ നാടകം ഷാഫി കളിച്ചിട്ടുണ്ട്, എൽഡിഎഫിനെ തോൽപ്പിക്കുക എന്ന ഒറ്റ അജണ്ടയിലേക്കാണ് ഇതെല്ലാം വരുന്നത്"
പാലക്കാട്: കോൺഗ്രസിൽ നിന്ന് പൊലീസിന് ചോർന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് റെയ്ഡ് നടത്തിയതെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ... പണം വരുന്നുണ്ടന്ന് താൻ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നുവെന്നും പാർട്ടിയുമായി ആലോചിച്ചു നിയമ നടപടികൾ ആയി മുന്നോട് പോകുമെന്നുംസരിൻ പറഞ്ഞു.
സരിന്റെ വാക്കുകൾ:
പൊലീസിന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് തന്നെ ചോർന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാലക്കാട് റെയ്ഡ് നടന്നത്. ഏകപക്ഷീയമായ ഒരു പരിശോധന ആയിരുന്നില്ല അത്. എന്റെ വാഹനമടക്കം ഏത് സമയത്തും തടഞ്ഞു നിർത്താനും പരിശോധിക്കാനുമുള്ള അവകാശം പൊലീസിനുണ്ട്. വീഡിയോഗ്രാഫ് ചെയ്യപ്പെടുന്ന പരിശോധനയാണ് ഇന്നലെ ഹോട്ടലിൽ നടന്നത്. തിരഞ്ഞെടുപ്പിനായി പണമെത്തി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന വൈകിപ്പിച്ചതിൽ പല പഴുതുകളുമുണ്ടാവാം. അതുകൊണ്ട് പണം കണ്ടുകിട്ടിയില്ല എന്നോ പണം അവിടെ ഉണ്ടായിരുന്നില്ല എന്നോ സ്ഥിരീകരിക്കാനാവില്ല.
പരിശോധന വൈകിപ്പിച്ചതെന്ത് എന്ന് പൊലീസ് പരിശോധിക്കണം. ടിവി രാജേഷ്, വിജിൻ എന്നിവരുടെ ഒക്കെ മുറി പരിശോധിച്ചില്ലേ. ഒരു കൂട്ടരുടെ മുറി തുറക്കരുത് എന്ന് പറയാനാവില്ല. അവിടെ നടന്ന നാടകം ജനങ്ങൾ കണ്ടതല്ലേ. ലൈവിടലും ആളുകളെ തെറ്റിദ്ധരിപ്പിക്കലുമൊക്കെ കോൺഗ്രസിന്റെ രാഷ്ട്രീയമായ അട്ടിമറിയുടെ ശ്രമമാണ്. പണമെത്തിയ വിവരം ചോർന്നത് കോൺഗ്രസിനുള്ളിൽ നിന്നാണെന്നതിൽ തർക്കമില്ല. പണമെത്തി തുടങ്ങി എന്ന് ഞാൻ പറഞ്ഞതല്ലേ.
ഷാഫി കഴിഞ്ഞ ഇലക്ഷൻ ജയിച്ചതെങ്ങനെ എന്നെനിക്കറിയാം. ഷാഫിയുടെ കുതന്ത്രമാണിത്. ഇതിനുമപ്പുറത്തെ നാടകം ഷാഫി കളിച്ചിട്ടുണ്ട്. ഒട്ടും സേഫ് അല്ല എന്ന് തോന്നുന്ന ഒരു സ്ഥലത്ത് പണം ഒളിപ്പിക്കുന്നതാണ് പ്രായോഗിക ബുദ്ധി. അതാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. പണം അവിടെ ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ച് പറയാൻ ഞാൻ ആളല്ല. അത് പൊലീസ് കണ്ടെത്തണം. പണം ആരിൽ നിന്നൊക്കെ വാങ്ങി എന്നത് പയ്യെ മനസ്സിലാകും. എൽഡിഎഫിനെ തോൽപ്പിക്കുക എന്ന ഒറ്റ അജണ്ടയിലേക്കാണ് ഇതെല്ലാം വരുന്നത്.
Adjust Story Font
16