'തരൂര്‍ കണ്ട ഇന്ത്യ'; മലപ്പുറം ഡി.സി.സിയുടെ പോസ്റ്ററിനെ വിമർശിച്ച് സത്താര്‍ പന്തല്ലൂര്‍
മതചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്നായിരുന്ന സത്താർ പന്തല്ലൂരിന്‍റെ വിമര്‍ശനം.
മലപ്പുറം ഡി.സി.സിയുടെ പോസ്റ്ററിനെ വിമർശിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ജൂലൈ ഏഴിന് മലപ്പുറം ഡി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ശശി തരൂര്‍ മലപ്പുറത്തെത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തുവിട്ട പോസ്റ്റര്‍ ചൂണ്ടിക്കാട്ടിയാണ് സത്താര്‍ പന്തല്ലൂരിന്‍റെ വിമര്‍ശനം.
മതചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്നായിരുന്ന സത്താർ പന്തല്ലൂരിന്‍റെ വിമര്‍ശനം. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബി.ജെ.പി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങനെ ചെയ്യുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സത്താര്‍ പന്തല്ലൂരിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ത്യയിലെ പൊതു സമൂഹം ഏറ്റവും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടികയെടുത്താൽ ആദ്യ പേരുകാരിൽ ഒരാൾ ശശി തരൂർ ആയിരിക്കും. വി.കെ. കൃഷ്ണമേനോന് ശേഷം ആഗോള രാഷ്ട്രീയ രംഗത്ത് ഏറ്റവും ശ്രദ്ധേയനായ മലയാളിയും ശശി തരൂരാണ്.
ബഹുമുഖപ്രതിഭയായ ശശി തരൂരിൻ്റെ നിലപാടുകളും അഭിപ്രായങ്ങളും രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് നൽകുന്ന പിൻബലവും, ആശ്വാസവും ചെറുതല്ല. പല വലിയ പേരുകാരും കൊഴിഞ്ഞു പോകുമ്പോഴും ശശി തരൂരിൻ്റെ സാന്നിധ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്.
1984 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ പോലും ലക്ഷത്തിൽപരം വോട്ടു നേടി പോൾ ചെയ്തതിൻ്റെ 20% ഹിന്ദു മുന്നണി കരസ്ഥമാക്കിയ മണ്ഡലമാണ് തിരുവനന്തപുരം. ഈ മോദി യുഗത്തിലും പാർലിമെൻ്റിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാത്തതിൻ്റെ കാരണം ശശി തരൂരല്ലാതെ മറ്റൊന്നല്ല. വിവിധ പരിപാടികൾക്കായി ശശി തരൂർ അടുത്ത ദിവസങ്ങളിൽ മലപ്പുറത്തെത്തുന്നുണ്ട്.
ജൂലൈ 7ന് 'തരൂർ കണ്ട ഇന്ത്യ' എന്ന പേരിൽ മലപ്പുറം ഡി.സി.സി പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ പോസ്റ്റർ കാണുകയുണ്ടായി. മത ചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ല. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബി.ജെ.പി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങിനെ ചെയ്യുന്നത്.
നാർക്കോട്ടിക് ജിഹാദ് വിവാദം ഉയർന്നപ്പോൾ ന്യൂനപക്ഷ സമുദായങ്ങൾ അകലാതിരിക്കാൻ കെ.സുധാകരൻ്റെയും, വി.ഡി.സതീശൻ്റെയും നേതൃത്വത്തിൽ കോൺഗ്രസ് അന്ന് മുന്നിട്ടിറങ്ങിയത് ശ്രദ്ദേയമാണ്. പക്ഷെ ഏറെ ആകർഷിച്ചത് തൃശൂർ ഡി.സി.സി പ്രസിഡണ്ടായ ജോസ് വള്ളൂർ പത്രസമ്മേളനം വിളിച്ച് വിവാദ പരാമർശം തള്ളാൻ മുന്നോട്ടു വന്നതായിരുന്നു. എന്നാൽ മലപ്പുറത്ത് നിന്ന് അനക്കമുണ്ടായിരുന്നില്ല. ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകൻ്റെ പീഡനത്തിലെ സ്കൂളിൻ്റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡി.സി.സി ശശി തരൂരിൻ്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണ്.
Adjust Story Font
16