Quantcast

നികുതിയടക്കുന്ന മലബാറുകാർ എന്നും 'താത്കാലിക' സൗകര്യം മാത്രം അനുഭവിക്കാൻ വിധിക്കപ്പെടുന്നതെന്താണ് ?

വർഷം തോറും ഉയരുന്ന ആവശ്യമായിട്ടും മലബാറിനോട് കാണിക്കുന്ന ഈ അവഗണന നിസ്സാരമായി കണ്ടുകൂടാ

MediaOne Logo

Web Desk

  • Published:

    25 July 2023 6:02 AM GMT

Sathar panthaloor
X

സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി സമസ്ത യുവനേതാവ് സത്താര്‍ പന്തല്ലൂര്‍. മലബാറിലേക്ക് 97 പ്ലസ് വൺ താത്ക്കാലിക ബാച്ച് അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അതിൻ്റെ താത്കാലിക കെട്ടിടവും താത്കാലിക അധ്യാപകരും തയ്യാറാവുമ്പോഴേക്ക് ഈ അധ്യയന വർഷം തീരാറാകുമെന്നും സത്താര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പുനരധിവാസ ക്യാമ്പിൽ വന്നു താമസിക്കുന്നവരെപ്പോലെയാണ് മലബാറിലെ വിദ്യാർഥികളെന്നും കുറിപ്പില്‍ പറയുന്നു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 97 പുതിയ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച ശിപാർശ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക. കാസർകോട് മുതൽ പാലക്കാട് വരേയുള്ള ജില്ലകളിലേക്കാണ് ബാച്ച് അനുവദിക്കുന്നത്.

സത്താര്‍ പന്തല്ലൂരിന്‍റെ കുറിപ്പ്

ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരുടെ എണ്ണം സർക്കാറിൻ്റെ കൈവശമുണ്ട്. അവരെല്ലാം എവിടെ പഠിക്കുന്നുവെന്നുമറിയാം. ശരാശരി വിജയശതമാനവും കണക്കാക്കാവുന്നതേയുള്ളു. പക്ഷെ ഇവരിൽ മലബാർ ജില്ലക്കാരുടെ ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെങ്കിൽ പരീക്ഷാ ഫലം കഴിഞ്ഞ് മാസങ്ങളെടുക്കും. മലബാറിലേക്ക് 97 പ്ലസ് വൺ താത്ക്കാലിക ബാച്ച് അനുവദിക്കുമെന്നാണ് ഇന്നത്തെ വാർത്ത. അതിൻ്റെ താത്കാലിക കെട്ടിടവും താത്കാലിക അധ്യാപകരും എല്ലാം തയ്യാറാവുമ്പോഴേക്ക് ഈ അധ്യയന വർഷം തീരാറാവും. ഈ പ്രതിസന്ധി മുൻകൂട്ടി അറിഞ്ഞിട്ടും, വർഷം തോറും ഉയരുന്ന ആവശ്യമായിട്ടും മലബാറിനോട് കാണിക്കുന്ന ഈ അവഗണന നിസ്സാരമായി കണ്ടുകൂടാ. വോട്ടർ പട്ടികയിലും റേഷൻ കാർഡിലും പേരുള്ള, നികുതിയടക്കുന്ന മലബാറുകാർ എന്നും 'താത്കാലിക' സൗകര്യം മാത്രം അനുഭവിക്കാൻ വിധിക്കപ്പെടുന്നതെന്താണ് ? വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പുനരധിവാസ ക്യാമ്പിൽ വന്നു താമസിക്കുന്നവരെപ്പോലെയാണ് മലബാറിലെ വിദ്യാർഥികൾ. ഇവിടെ താത്കാലിക ബാച്ച്, താത്കാലിക ക്ലാസ്സ്, താത്കാലിക അധ്യാപകർ...

TAGS :

Next Story