Quantcast

'മിശ്രവിവാഹത്തെക്കുറിച്ച് പരസ്യമായി നിലപാട് പറയാൻ ധൈര്യമുണ്ടോ?'; മന്ത്രി വി. അബ്ദുറഹ്മാനെതിരെ സത്താർ പന്തല്ലൂർ

മുസ്‌ലിംകൾ ക്രിസ്മസ് ആഘോഷിക്കരുതെന്നും മിശ്രവിവാഹം പ്രോത്സാഹിപ്പിക്കരുതെന്നും പറയുന്നവരെ ജയിലിലടയ്ക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Dec 2023 6:58 AM GMT

Samastha youth leader Sathar Panthaloor on Fridays public examinations, SKSSF leader Sathar Panthaloor on Fridays public exams
X

സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ ജയിലിലടയ്ക്കണമെന്ന് പറഞ്ഞ മന്ത്രി വി. അബ്ദുറഹ്മാനോട് ചോദ്യങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. മിശ്രവിവാഹം തെറ്റാണെന്നാണ് മതവിധി. ജയിലിലടച്ചാലും അത് തന്നെയാണ് മതവിധി. മിശ്രവിവാഹത്തെക്കുറിച്ച് തന്റെ നിലപാട് പരസ്യമായി പറയാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് സത്താർ ചോദിച്ചു.

5000 തലമുറയോടെ ലോകത്ത് പുരുഷൻമാരുടെ പ്രത്യുൽപാദനം കുറയുമെന്നും സ്ത്രീകൾ മാത്രം രക്ഷിതാക്കളായ സമൂഹമുണ്ടാകുമെന്നുമാണ് എൻ.എസ്.ക്യാമ്പിൽ പഠിപ്പിക്കുന്നത്. സ്വവർഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പാഠങ്ങളാണ് ക്യാമ്പിൽ ചർച്ച ചെയ്യുന്നത്. സ്വവർഗ ലൈംഗികതയിൽ മന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.

മുസ്‌ലിംകൾ ക്രിസ്മസ് ആഘോഷിക്കുന്നത് മതവിരുദ്ധമാണെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞതാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വിമർശനത്തിന് കാരണമായത്. ഇത്തരത്തിൽ മതസൗഹാർദം തകർക്കുന്ന പ്രസ്താവന നടത്തുന്നവരെ ജയിലിലടയ്ക്കണം എന്നായിരുന്നു മന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പരിപാടിയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ന്യൂനപക്ഷ വകുപ്പ് മന്ത്രി മറുപടി പറയുമോ ?

മതപണ്ഡിതൻമാർ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാർദത്തിന് ഭീഷണി ഉയർത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാൻ. മൂന്ന് ചോദ്യങ്ങൾക്ക് മന്ത്രി പറയണം.

1. ന്യൂനപക്ഷ ദിനത്തിലെ മന്ത്രിയുടെ പ്രസംഗത്തിൽ മിശ്രവിവാഹത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു മുസ്‌ലിം മറ്റു മതവിഭാഗത്തിൽപ്പെട്ടവരെ വിവാഹം കഴിക്കുന്നത് ഇസ് ലാം അനുവദിക്കുന്നില്ല. ഇതാണ് മതവിധി. ജയിലിലടച്ചാലും അതു തന്നെയാണ് മതവിധി. എന്നാൽ, മിശ്രവിവാഹത്തെ കുറിച്ച് മന്ത്രിക്ക് തൻ്റെ അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ?

2. ഇപ്പോൾ സംസ്ഥാനത്തെ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ.എസ്. എസ് ക്യാമ്പുകളിൽ പഠിപ്പിക്കുന്നത് ഇതാണ്: 5000 തലമുറയോടെ ലോകത്ത് ആണുങ്ങളുടെ പ്രത്യുൽപാദനം വെറും ഒരു ശതമാനമായി കുറയും. പെണ്ണും പെണ്ണും തമ്മിൽ ഇണ ചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടാവുകയും പെണ്ണുങ്ങൾ മാത്രം രക്ഷിതാക്കളായ സമൂഹം ഉണ്ടാവുകയും ചെയ്യും.

ഈ നിഗമനങ്ങൾ അവതരിപ്പിക്കുന്ന ക്യാമ്പിൽ സ്വവർഗ ലൈംഗികതയെ സ്വാഭാവികതയായി അവതരിപ്പിക്കുന്നു. സെക്‌സും ജൻഡറും രണ്ടാണെന്നും സെക്‌സിനെ നിശ്ചയിക്കുന്നത് ലൈംഗികാവയവങ്ങളാണെങ്കിൽ ജൻഡർ നിർണയിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളാണ്.

വി. അബ്ദുറഹിമാൻ ലൈംഗിക ന്യുനപക്ഷങ്ങളുടെ വകുപ്പല്ലല്ലൊ കൈകാര്യം ചെയ്യുന്നത് ? എന്നാൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും വിരുദ്ധമായ ആശയങ്ങളാണ് മുകളിൽ പറഞ്ഞത്. ജയിലിലടച്ചാലും ഇക്കാര്യത്തിൽ ഇത് തെറ്റാണെന്നാണ് നിലപാട്. ഇക്കാര്യത്തിൽ മന്ത്രിയുടെ അഭിപ്രായം ഒന്ന് പരസ്യമായി പറയുമോ ?

3. ഓരോ മതവിഭാഗങ്ങളും തമ്മിൽ പരസ്പരം സാമൂഹികമായ മൈത്രിയും സാഹോദര്യവും വേണമെന്നും, എന്നാൽ അതിനർത്ഥം മറ്റുള്ളവരുടെ ആരാധനയും ആഘോഷവും മുസ്‌ലിംകൾ ഏറ്റെടുക്കൽ അല്ലെന്നും അത് വേണ്ടന്നും ഒരു മത പണ്ഡിതൻ വിശ്വാസികളോട് പറയുന്നതിൽ മന്ത്രിക്ക് എന്താണ് പ്രശ്നം? നിലവിളക്ക് മതാചാരമാണെന്നു പറഞ്ഞു പൊതുവേദിയിൽ സി. രവിചന്ദ്രനെ പോലുള്ള യുക്തിവാദികൾ മാറിനിൽക്കുന്നത് കാണാം. അതിൽ പരാതിയില്ലാത്ത മന്ത്രിക്ക് ഇതര മതാചാരങ്ങളിൽ മുസ്‌ലിംകൾ പങ്കെടുക്കേണ്ടന്ന് പറയുന്നതിൽ എന്താണ് ഇത്ര അസഹിഷ്ണുത ?

TAGS :

Next Story