പ്രതീക്ഷയുടെ രാജാവായിരുന്നു; 'അതിവേഗം ബഹുദൂരം' അദ്ദേഹത്തിന്‍റെ ജീവിതസന്ദേശമായിരുന്നു-സാദിഖലി ശിഹാബ് തങ്ങൾ
''മലയാളിയുടെ ജീവിതയാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടുനയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്കു ചൂണ്ടിക്കാണിക്കാനാകില്ല.''
ബംഗളൂരു: കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലയാളിയുടെ ജീവിതയാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടുനയിച്ച മറ്റൊരു മുഖ്യമന്ത്രിയുണ്ടാകില്ലെന്ന് തങ്ങൾ പറഞ്ഞു. 'അതിവേഗം ബഹുദൂരം' ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല, ഉമ്മൻചാണ്ടിയുടെ ജീവിതസന്ദേശം കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മഹാനായ നേതാവിന് വിട. ആ ജീവിതം തന്നെ അനശ്വരമായ ഓർമ്മകളുടെ സഞ്ചാരമാണ്. മലയാളിയുടെ ജീവിതയാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടുനയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്കു ചൂണ്ടിക്കാണിക്കാനാകില്ല. അദ്ദേഹം പ്രതീക്ഷകളുടെ രാജാവായിരുന്നു. തന്റെ നാടിനും ജനതയ്ക്കും വേണ്ടി പ്രതീക്ഷാനിർഭരമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പും-സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
'അതിവേഗം ബഹുദൂരം' എന്നത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല, അതു തന്നെയായിരുന്നു ആ ജീവിതത്തിന്റെ സന്ദേശവും. നമുക്കു വിടചൊല്ലാനാവില്ല. കാരണം അദ്ദേഹം നമ്മുടെ ഹൃദയങ്ങളിലെ മറക്കാനാവാത്ത ഓർമ്മയാണെന്നും തങ്ങൾ കുറിച്ചു.
ബംഗളൂരുവിലെത്തി മുസ്‌ലിം ലീഗ് നേതാക്കൾക്കൊപ്പം സാദിഖലി തങ്ങൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം സന്ദർശിച്ചു. മകൻ ചാണ്ടി ഉമ്മനുമായി സംസാരിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതായി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ''ഉമ്മൻചാണ്ടിയുടെ മരണവിവരം അറിഞ്ഞ നിമിഷം മുതൽ കേരളം തേങ്ങുകയാണ്. ഏറെ ഹൃദയവേദനയോടെയാണ് മലയാളികൾ അദ്ദേഹത്തിന് വിടചൊല്ലുന്നത്. അവരുടെ സ്വന്തം കുഞ്ഞൂഞ്ഞായിരുന്നു അദ്ദേഹം. അത്രത്തോളം ജനമനസ്സുകളെ ആഴത്തിൽ സ്പർശിക്കാൻ ഈ ജനകീയ നേതാവിന് സാധിച്ചിട്ടുണ്ട്.''
മുസ്ലിംലീഗ് പ്രസ്ഥാനവുമായും പാണക്കാട് കൊടപ്പനക്കൽ കുടുംബവുമായും അഭേദ്യബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം രാഷ്ട്രീയപ്രശ്നങ്ങളെ വളരെ മാന്യമായാണ് കൈകാര്യം ചെയ്തിരുന്നത്. കേരളരാഷ്ട്രീയത്തിന് തീരാത്ത നഷ്ടമാണ് ഈ വിയോഗമെന്നും തങ്ങൾ പറഞ്ഞു.
Summary: 'Oommen Chandy was the king of hope for the people and the state'; Says Sayyid Sadiq Ali Shihab Thangal
Adjust Story Font
16