ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങി,വേദന അനുഭവിച്ചത് അഞ്ച് വർഷം: യുവതിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് താമരശ്ശേരി സ്വദേശി ഹർഷിനയുടെ പരാതിയിലാണ് നടപടി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
2017 നവംബറിലായിരുന്നു ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ സിസേറിയനും പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്ത ശേഷം നിരന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായാണ് ഹർഷിന പറയുന്നത്. നിരവധി തവണ ഡോക്ടറെ കണ്ടെങ്കിലും കാരണം വ്യക്തമാകാഞ്ഞതിനാൽ സിടി സ്‌കാൻ ചെയ്യുകയും വയറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.
പിന്നീട് സെപ്റ്റംബറിൽ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. അഞ്ച് വർഷത്തോളം വയറ്റിൽ കുടുങ്ങി കിടക്കുകയായിരുന്നു കത്രിക. സിടി സ്‌കാനിൽ യുവതിയുടെ മൂത്രാശയത്തിൽ പഴുപ്പും വീക്കവും കണ്ടെത്തിയിരുന്നു. ഗുരുതരമായ മെഡിക്കൽ പിഴവിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
Adjust Story Font
16