'മതേതര സർട്ടിഫിക്കറ്റ് നൽകുന്ന വ്യാജ യൂണിവേഴ്‌സിറ്റിയാണ് സിപിഎം, എം.വി ഗോവിന്ദൻ അതിന്റെ വിസിയും': വിമർശനവുമായി എസ്ഡിപിഐ
''എം.വി ഗോവിന്ദന് ആർഎസ്എസിന്റെ ഭാഷയാണ്. മുസ്‌ലിംകൾ വോട്ട് ചെയ്യുന്നത് അപരാധമാണെന്നതാണ് സിപിഎം ഭാഷ്യം''

സി.പി.എ ലത്തീഫ്- എം.വി ഗോവിന്ദന്‍
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്.
മതേതര സർട്ടിഫിക്കറ്റ് നൽകുന്ന വ്യാജ യൂണിവേഴ്‌സിറ്റിയാണ് സിപിഎമ്മെന്നും അതിന്റെ വൈസ് ചാൻസിലറാണ് എം.വി ഗോവിന്ദനെന്നും സി.പി.എ ലത്തീഫ് പറഞ്ഞു.
'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന മുദ്രാവാക്യമുയര്‍ത്തി റിപബ്ലിക് ദിനത്തില്‍ തലശ്ശേരി അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'എം.വി ഗോവിന്ദന് ആർഎസ്എസിന്റെ ഭാഷയാണ്. മുസ്‌ലിംകൾ വോട്ട് ചെയ്യുന്നത് അപരാധമാണെന്നതാണ് സിപിഎം ഭാഷ്യം. ഒരു മണ്ഡലത്തിൽ മുസ്‌ലിംകൾ ഭൂരിപക്ഷമായി എന്നത് തെറ്റാണോ. അവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് അപരാധമാണോ. ആർഎസ്എസുകാർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ആ ഭാഷയാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ പറയുന്നത്''- സി.പി.എ ലത്തീഫ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വോട്ട് വാങ്ങിയാണെന്ന എം.വി ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് സിപിഎ ലത്തീഫ് രംഗത്ത് എത്തിയത്.
Watch Video
Adjust Story Font
16