സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നത്: എസ്ഡിപിഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീന്‍
മദ്യ ഉൽപ്പാദനവും വിപണനവും വർധിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഇടതു സർക്കാർ വാദം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു
ഇടതു സർക്കാരിന്റെ മദ്യനയം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ. മദ്യശാലകളുടെ എണ്ണം കൂട്ടി മദ്യവർജ്ജനം സാധ്യമാക്കുന്ന വൈരുദ്ധ്യാൽമക ഭരണപരിഷ്‌കാരമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ലഹരിവിമുക്ത നവകേരളം ലക്ഷ്യമിട്ട് കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ - വിമുക്തിക്ക് രൂപം നൽകിയ സർക്കാരാണ് ഐടി മേഖലയിലുൾപ്പെടെ മദ്യം സുലഭമാക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വിമർശിച്ചു.
'നാട്ടിൽ മുഴുവൻ മദ്യശാലകൾ തുറന്ന ശേഷം മദ്യാസക്തിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ എല്ലാ ജില്ലകളിലും അനുവദിച്ച സർക്കാരിന്റെ അതിസാഹസികത പരിഹാസ്യമാണ്. കൂടുതൽ ബ്രുവറി ലൈസൻസ് അനുവദിക്കാനും മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ ബിവറേജസ് കോർപറേഷൻ വഴി ആരംഭിക്കാനുമുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാർഷിക വിളകളിൽ നിന്ന് മദ്യ ഉൽപ്പാദിപ്പിച്ച് കാർഷിക മേഖലയെ രക്ഷപ്പെടുത്താനുള്ള തീരുമാനം മറ്റൊരു ദുരന്തമായി മാറും. നീര ഉൽപ്പാദനം എവിടെയെത്തിയെന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ്' - അദ്ദേഹം പറഞ്ഞു.
മദ്യ ഉൽപ്പാദനവും വിപണനവും വർധിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഇടതു സർക്കാർ വാദം അപഹാസ്യമാണെന്നും മദ്യം സുലഭമാക്കാനുള്ള തീരുമാനം സ്ത്രീകളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണെന്നും കേരളത്തിന്റെ സമാധാനത്തിന് ഭീഷണിയായി മാറുമെന്നും എ കെ സലാഹുദ്ദീൻ പറഞ്ഞു.
SDPI state treasurer AK Salahuddin said the Left government's liquor policy was a mockery of the people.
Adjust Story Font
16