അര്‍ജുനായുള്ള തെരച്ചില്‍ നാളെ മുതല്‍; മുങ്ങല്‍ വിദഗ്ധരുടെ പരിശോധന ഇന്ന്
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ളവർക്ക് വേണ്ടിയുടെ തെരച്ചിൽ നാളെ പുനരാരംഭിക്കാനായേക്കും. ഇതിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ നാളെ പുലർച്ചയോടെ ഷിരൂരിലെത്തും. അനുകൂല കാലാവസ്ഥയെങ്കില്‍ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ ഇന്ന് പുഴയിൽ പരിശോധന നടത്തും.
ഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജറിന്റെ പ്രയാണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ഡ്രഡ്ജർ കാർവാർ തീർത്ത് എത്തിയത്. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും കാർവാറിൽ നിന്നും ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെടുക. നാളെ പുലര്‍ച്ചയോടെ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം. ഇതിന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഡ്രഡ്ജർ ഷിരൂരിൽ എത്തിയാൽ നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തായിരിക്കും ആദ്യഘട്ടത്തിൽ മണ്ണ് നീക്കം ചെയ്യുക. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഓഗസ്റ്റ് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിൽ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ജൂലൈ പതിനാറിനാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചു. മലയാളിയായ അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.
Adjust Story Font
16