Quantcast

വയനാട് പനവല്ലിയിൽ കടുവയ്ക്കായി തെരച്ചിൽ; മയക്കുവെടി വയ്ക്കും

മൂന്ന് കൂടുകളും നിരവധി ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കടുവയെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-09-25 05:56:24.0

Published:

25 Sep 2023 5:11 AM GMT

Search for Tiger in Wayanad Panavalli
X

മാനന്തവാടി: വയനാട് പനവല്ലിയിലെ ശല്യക്കാരനായ കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. കടുവയെ മയക്കുവെടി വച്ചുപിടികൂടാനുള്ള ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിലാണ് വനപാലക സംഘത്തിന്റെ തെരച്ചിൽ. 45 ദിവസമായി കാണാമറയത്തുള്ള കടുവയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വരെ മയക്കുവെടി സംഘം ഇല്ലാതെയായിരുന്നു തെരച്ചിൽ.

ഇന്ന് ഈ സംഘത്തോടൊപ്പമാണ് തെരച്ചിൽ നടത്തുന്നത്. കടുവയെ കാണുന്ന നിമിഷം തന്നെ മയക്കുവെടി വയ്ക്കാനാണ് നീക്കം. വെളിച്ചം അവസാനിക്കുന്നതിന് മുമ്പുതന്നെ തെരച്ചിൽ വിജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഒരു വീട്ടിലേക്ക് കടുവ ഓടിക്കയറിയിരുന്നു. അപ്പോൾ മാത്രമാണ് നാട്ടുകാർ കടുവയെ കണ്ടത്. ക്യാമറയിലും പതിഞ്ഞെങ്കിലും കടുവയെ കണ്ടെത്താൻ വനപാലകർക്കു സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മയക്കുവെടി വച്ച് പിടികൂടുക എന്നതാണ് വനപാലക സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

പ്രദേശത്തെ അഞ്ച് പശുക്കളെയും നിരവധി നായ്ക്കളേയും കടുവ ആക്രമിച്ചിരുന്നു. രാവിലെ ജോലിക്ക് പോവുന്നവർക്കും വിദ്യാർഥികൾക്കും കടുത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. കടുവയുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് കൂടുകളും നിരവധി ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കടുവയെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മയക്കുവെടി വച്ച് പിടികൂടാനുള്ള അനുമതി തേടിയത്.

ഇന്നലെയാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ മയക്കുവെടി വയ്ക്കുകയും തുടർന്ന് കടുവ കുതിച്ചുപായുമ്പോൾ പിന്നാലെയോടി രണ്ടാം ഡോസ് നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കടുവയുടെ ജീവൻ അപകടത്തിലാക്കാതെ പിടികൂടാനാണ് നീക്കം. തുടർന്ന് വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. നേരത്തെ, ഒരു തവണ പിടികൂടി കാട്ടിലേക്ക് വിട്ട നോർത്ത് വയനാട്-5 എന്നറിയപ്പെടുന്ന കടുവയാണ് വീണ്ടും നാട്ടുകാർക്ക് ഭീഷണിയായി നാട്ടിലേക്ക് ഇറങ്ങിയിരിക്കുന്നത്.

TAGS :

Next Story