Quantcast

രാജ്യത്ത് ഇന്ന് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം - ശബ്‌നം ഹാഷ്മി

എൻ.ഡി.എ സർക്കാരിനെ താഴെയിറക്കുന്നതിൽ പൗരസമൂഹം വഹിച്ച പങ്കിനെ കുറിച്ച് പിന്നീട് വന്ന യു.പി.എ സർക്കാർ ബോധവാന്മാരായില്ലെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-08 05:14:27.0

Published:

7 Nov 2023 3:52 PM GMT

Second freedom struggle is happening in the country today - Shabnam Hashmi
X

തിരുവനന്തപുരം: നീതി സംവിധാനത്തെയും ജനാധിപത്യത്തെയുമൊക്കെ ഫാഷിസ്റ്റ് ഭരണകൂടം തകർക്കാൻ ശ്രമിക്കുകയാണെന്ന് സാമൂഹ്യപ്രവർത്തക ശബ്‌നം ഹാഷ്മി. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പൗരസമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ എൻ.പി. ഉല്ലേഖുമായി സംവദിക്കുകയായിരുന്നു അവർ. ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ സ്വാതന്ത്ര്യ സമരകാലത്തെ നമ്മൾ ഓർമിക്കണം. ജയിലിൽ പോകാനോ മരിക്കാനോ ഭയമുള്ളവരായിരുന്നു നമ്മുടെ നേതാക്കളെങ്കിൽ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നില്ല. രാജ്യത്ത് ഇന്ന് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പറയേണ്ടി വരുമെന്ന് ശബ്‌നം ഹാഷ്മി അഭിപ്രായപ്പെട്ടു.

വർഗ്ഗീയ ശക്തികൾ അധികാരത്തിൽ വരരുത് എന്ന് ഉറപ്പ് വരുത്താൻ ജനങ്ങളുടെ നേതൃത്വത്തിൽ തന്നെ ഇവിടെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ എൻ.ഡി.എ സർക്കാരിനെ താഴെയിറക്കുന്നതിൽ പൗരസമൂഹം വഹിച്ച പങ്കിനെ കുറിച്ച് പിന്നീട് വന്ന യു.പി.എ സർക്കാർ ബോധവാന്മാരായില്ല. അതേസമയം രാജ്യത്തെ കർഷകർ, ദലിതർ, അസംഘടിത തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ട സമൂഹത്തിന്റെ ശക്തി എന്താണെന്ന് മനസിലാക്കിയവരാണ് ആർ.എസ്.എസ്. പ്രതിരോധത്തിന്റെ ശബ്ദം ഉയർത്താൻ കെൽപ്പുള്ള എല്ലാവരെയും ഇല്ലാതാക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് 10 വർഷത്തിന് ശേഷം വീണ്ടും അധികാരത്തിൽ വന്ന നിമിഷം തന്നെ എൻ.ഡി.എ സർക്കാർ തിരിച്ചറിഞ്ഞു. ദേശീയമാധ്യമങ്ങളിൽ ഭൂരിഭാഗവും ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. സാമൂഹ്യപ്രവർത്തകർ, യുവവിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ എന്നിവരിൽ പലരും കൊല്ലപ്പെട്ടു, ജയിലിൽ അടക്കപ്പെട്ടവരിൽ കുറച്ചു പേർ മാത്രമാണ് പുറത്തു വന്നത്. സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കി അവരെ പൂർണമായും തകർക്കുകയാണെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു.

TAGS :

Next Story