പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കളം തെളിഞ്ഞു; മത്സരിക്കാൻ ഏഴുപേർ
മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കളം തെളിഞ്ഞു. ഉമ്മൻ ചാണ്ടി എംഎൽഎയായിരുന്ന മണ്ഡലത്തിലെ ജനപ്രതിനിധിയാകാൻ ഏഴുപേരാണ് മത്സരിക്കുന്നത്. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രൻ), ഷാജി(സ്വതന്ത്രൻ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുള്ളത്.
നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും
- അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
- ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), - ചുറ്റിക, അരിവാൾ, നക്ഷത്രം
- ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
- ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
- പി.കെ. ദേവദാസ് (സ്വതന്ത്രൻ) -ചക്ക
- ഷാജി(സ്വതന്ത്രൻ) -ബാറ്ററി ടോർച്ച്
- സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)- ഓട്ടോറിക്ഷ
സെപ്തംബർ 5നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ 8ന് നടക്കും. കോട്ടയം ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുയാണ്. രാജ്യത്ത് ഏഴിടങ്ങളിലാണ് സെപ്തംബർ 5ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
നീണ്ട 53 വർഷം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതൽ 12 തവണ ഉമ്മൻചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.
പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് എൽ.ഡി.എഫാണ്. രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്. എന്നാൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉമ്മൻചാണ്ടിയോടുള്ള സ്‌നേഹം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. എന്നാൽ രാഷ്ട്രീയ പോരാട്ടം നടത്തുകയാണ് സിപിഎമ്മും ബിജെപിയും.
Seven candidates to contest Pudupally by-election
Adjust Story Font
16