Quantcast

അനധികൃതമായി മണൽ കടത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ‘റീൽസ്’ ചി​ത്രീകരണം; ഏഴുപേർ അറസ്റ്റിൽ

നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    29 July 2024 6:13 PM GMT

അനധികൃതമായി മണൽ കടത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ‘റീൽസ്’ ചി​ത്രീകരണം; ഏഴുപേർ അറസ്റ്റിൽ
X

മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി മണൽ കടത്തുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് റീൽസാക്കുകയും ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു. ബിരുദ വിദ്യാർഥികൾ ഉൾപ്പെടെയാണ് പൊലീസിന്റെ പിടിയിലായത്.

പുഴയിൽ നിന്നും മണലെടുത്ത ശേഷം നിലമ്പൂർ പൊലീസ് സ്റ്റേഷനു മുമ്പിലൂടെ ലോറിയിൽ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് സിനിമാ ഡയലോഗുകൾ ചേർത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. മമ്പാട് ഓടായിക്കൽ സ്വദേശി ഷാമിൽ ഷാൻ, കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മർവാൻ, അമീൻ, അൽത്താഫ്, മുഹമ്മദ് സവാദ്, അബ്ദുൽ മജീദ്, സഹീർ എന്നിവരെയാണ് നിലമ്പൂർ ​പൊലീസ് അറസ്റ്റ് ചെയ്തത്.

24ന് രാത്രി പുള്ളിപ്പാടം കടവിൽനിന്ന് മണൽ കയറ്റി മയ്യംതാനിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ ക്ലീനറായ അമീൻ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവാദമായതോടെ ഇത് നീക്കം ചെയ്തു. എന്നാൽ, സംഭവം വാർത്തയായതോടെ ​പൊലീസ് കേസെടുക്കുകയായിരുന്നു.

ഷാമിൽ ഷാൻ, അൽത്താഫ്, മജീദ് എന്നിവരുടേതാണ് ലോറി. മർവാനാണ് ലോറി ഡ്രൈവർ. സഹീർ, സവാദ്, മജീദ് എന്നിവർ ബൈക്കുകളിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ​പൊലീസ് നീക്കം നിരീക്ഷിക്കുന്നവരാണ്. സംഭവത്തിനുശേഷം കോടതി പടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച ലോറി ​​പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

TAGS :

Next Story