Quantcast

''വെല്ലുവിളിക്കേണ്ട, പഴയ കാലമൊന്നുമല്ല, എം.വി.ഡിയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത നടപടി വരും'': സഞ്ജു ടെക്കിക്കെതിരെ മന്ത്രി ഗണേഷ്

''ഇത് പോലെയുള്ള ആളുകളെ മെഡിക്കൽ കോളജിന്റെ കക്കൂസ് കഴുകിപ്പിക്കണം. പണക്കൊഴുപ്പും അഹങ്കാരവുമാണ് കാണിക്കുന്നത്''

MediaOne Logo

Web Desk

  • Published:

    3 Jun 2024 5:45 AM GMT

Sanju Techy, Ganesh Kumar
X

തിരുവനന്തപുരം:കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; ''ഇത് പോലെയുള്ള ആളുകളെ മെഡിക്കൽ കോളജിന്റെ കക്കൂസ് കഴുകിപ്പിക്കണം. പണക്കൊഴുപ്പും അഹങ്കാരവുമാണ് കാണിക്കുന്നത്. ഇനിയും റീച്ച് കൂട്ടാൻ വേണ്ടി ഇത്തരം പരിപാടികളുമായി വരാൻ പറ്റാത്ത രീതിയിലുള്ള നടപടികളായിരിക്കും.

പൈസയുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിത് നീന്തേണ്ട, വീട്ടിൽ നല്ലതൊന്ന് പണിതാൽ മതി. രാവിലെയും വൈകീട്ടും നീന്തിയാൽ നല്ലൊരു വ്യായാമം ആയിരിക്കും. ഭ്രാന്തന്മാരും സമനില തെറ്റിയവരും കാണിക്കുന്ന വീഡിയോകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത് എന്നെ പറയാനുള്ളൂ. എം.വി.ഡിയേയൊന്നും വെല്ലുവിളിക്കേണ്ട, പഴയ കാലമൊന്നുമല്ല. ശിപാർശ ചെയ്ത് കാര്യം സാധിക്കാമെന്നും കരുതേണ്ട.

യൂട്യൂബർക്ക് റീച്ച് കൂടുന്നതിന് എനിക്ക് വിരോധമൊന്നുമില്ല. നിയമലംഘനം നടത്തി റീച്ച് കൂട്ടുമ്പോൾ മാന്യന്മാരായ ആളുകളോട് എനിക്ക് പറയാനുള്ളത് ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് എന്നാണ്. നിയമലംഘനം എന്നത് പൗരന്റെ മോശപ്പെട്ട സ്വഭാവമാണ്. നിയമത്തെ മാനിക്കണം. ആർക്കും എന്ത് ഗോഷ്ടിയും കാണിക്കാമെന്ന് കരുതേണ്ട, ട്രാൻസ്‌പോർട്ടിൽ ഇത്തരം വേലകൾ കാണിച്ചാൽ കർശനമായി തന്നെ നേരിടും. ഇത്തരം ആളുകളെ നിലക്ക് നിർത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശമുണ്ട്. ഇക്കാര്യത്തിൽ എടുക്കാവുന്നതിന്റെ ഏറ്റവും കർശന നടപടി തന്നെ എടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

അയാളൊരു നല്ലൊരു പൗരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല, എന്ത് ഗോഷ്ടിയും കാണിച്ച് ആളുകളെ ആകർഷിക്കുന്നത് അന്തസിന് ചേർന്നതല്ല. അദ്ദേഹത്തിന്റെ ഇതിന് മുമ്പത്തെ എല്ലാ വീഡിയോകളും പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വേലത്തരം ഉണ്ടെങ്കിൽ എല്ലാത്തിനും നടപടി എടുക്കും. ഉപദേശിച്ച് വിടുകയില്ല. നടപടി ഉണ്ടാകും. മോട്ടോർവെഹിക്കിൾ ഡിപാർട്‌മെന്റിന്റെ ചരിത്രത്തിൽ എടുക്കുന്ന ഏറ്റവും കടുത്ത നടപടിയാകും അത്''

വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

TAGS :

Next Story