'കലോത്സവത്തിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു'; കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരെ ലൈംഗിക പീഡന പരാതി
പെൺകുട്ടിയുടെ കുടുംബം സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി
കൊച്ചി: കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി. കുസാറ്റ് കളമശ്ശേരി കാംപസിൽ നടക്കുന്ന സർഗം കലോത്സവ പരിപാടിക്കിടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ നിലവിളക്ക് എടുക്കാനായി ഗ്രീൻ റൂമിലെത്തിയ വിദ്യാർഥി സംഘടനാ പ്രവർത്തകയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച പെൺകുട്ടിയെ ശബ്ദം കേട്ട് ഓടിയെത്തിയ ചിലരാണ് രക്ഷിച്ചു പുറത്തെത്തിച്ചത്.
ചുമട്ടു തൊഴിലാളി യൂനിയൻ നേതാവിന്റെ മകളാണ് ഈ വിദ്യാർഥിനി. അക്രമിയായ ഉദ്യോഗസ്ഥനെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ പുലർച്ചെ കാംപസിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ശനിയാഴ്ച രാവിലെയും ഏതാനും വിദ്യാർഥികളും പെൺകുട്ടിയുടെ ബന്ധുക്കളും ഇയാളെ തേടിയെത്തി. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു. ചെടിച്ചട്ടികൊണ്ട് മർദനമേറ്റ ഇയാളുടെ കണ്ണടയും പൊട്ടി. സെക്യൂരിറ്റി ഓഫീസർ അടക്കമുള്ളവർ സംഭവത്തിന് സാക്ഷികളാണ്.
വി.സിയും രജിസ്ട്രാറുമെല്ലാം സംഭവം അറിഞ്ഞെങ്കിലും കേസില്ലാതെ ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് കുസാറ്റ് വി.സി ഡോ. പി.ജി ശങ്കരൻ വ്യക്തമായി പ്രതികരിക്കാൻ തയാറായില്ല. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും വി.സി മീഡിയവണിനോട് പ്രതികരിച്ചു.
അതിനിടെ, പെൺകുട്ടിയുടെ കുടുംബം സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി. ആരോപണവിധേയനായ ഉദ്യോഗസ്ഥന് പാർട്ടിയിൽ വലിയ സ്വാധീനവും ഒരു മന്ത്രിയുമായി അടുത്ത ബന്ധവുമുണ്ട്. അതിനാൽ തന്നെ പാർട്ടിക്ക് ലഭിച്ച പരാതിയും ഒതുക്കാനുള്ള നീക്കവും സജീവമാണ്. പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ സംഭവം അറിഞ്ഞെന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചത്.
തിങ്കളാഴ്ചയാണു സർഗം കലോത്സവത്തിന്റെ സമാപനം. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കാംപസിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് ഒരു വിഭാഗം വിദ്യാർഥികൾ.
Summary: Sexual harassment complaint against CUSAT Syndicate member
Adjust Story Font
16