'വടകരയിൽ മത്സരിച്ചിരുന്നെങ്കിൽ മുരളീധരൻ ഉറപ്പായും ജയിക്കുമായിരുന്നു, പാർട്ടിക്ക് വേണ്ടിയാണ് തൃശ്ശൂരിൽ പോയത്'; ഷാഫി പറമ്പിൽ
''പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം കെ. മുരളീധരന്‍ പിൻവലിക്കണം''
കോട്ടയം: പൊതുരംഗത്തു നിന്ന് മാറിനിൽക്കാനുള്ള തീരുമാനം കെ.മുരളീധരൻ പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ. മുരളീധരൻ തൃശൂരിൽ മത്സരിക്കാനിറങ്ങിയത് മറ്റ് യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഗുണം ചെയ്തു. വടകരയിലെ വർഗീയ പ്രചാരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഷാഫി പറഞ്ഞു.
പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുകയും ചെയ്തു.
'വടകരയിൽ കെ.മുരളീധരൻ മത്സരിച്ചാൽ ഉറപ്പായും ജയിക്കുമായിരുന്നു. പാർട്ടി തീരുമാനപ്രകാരം വെല്ലുവിളിയേറ്റെടുത്താണ് അദ്ദേഹം തൃശ്ശൂരിൽ മത്സരിച്ചത്. ആ പോരാട്ടത്തിൽ ഒരു പക്ഷേ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടാകാം..എന്നാൽ ആ തീരുമാനത്തിന്റെ ഗുണം വടകര ഉൾപ്പടെയുള്ള ബാക്കിയെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്'.ഷാഫി പറഞ്ഞു.
'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കും. പാലക്കാട് അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. ചെറുപ്പക്കാരനാണോ മുതിർന്നയാളാണോ മൽസരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. പാലക്കാടുകാരനായാലും പാലക്കാടിന് പുറത്തു നിന്നുള്ളയാളാണെങ്കിലും സ്ഥാനാർഥി മലയാളിയായിരിക്കും. താൻ വടകരക്കാരനായിട്ടല്ലല്ലോ വടകരയിൽ നിന്ന് ജയിച്ചത്'. ഷാഫി പറഞ്ഞു.
Adjust Story Font
16