ഷാജഹാൻ വധക്കേസ്: എട്ട് പ്രതികളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
പാലക്കാട്: പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കൊലപാതകത്തിനു ശേഷം മൂന്നു സംഘങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
14ന് വൈകുന്നേരം ചന്ദ്രനഗർ ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവർ നേരത്തെ പൊലീസ് പിടിയിലായി. നവീൻ മൂന്നാം പ്രതിയും സിദ്ധാർത്ഥൻ അഞ്ചാം പ്രതിയുമാണ്. നവീൻ ഷാജഹാനെ നേരിട്ട് വെട്ടിയയാളാണെന്നാണ് വിവരം. സിദ്ധാർത്ഥൻ ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. ഒരാളെ പൊള്ളാച്ചിയിൽനിന്നും മറ്റൊരാളെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്.
കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്.പി നേരത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് സി.ഐമാരും സംഘത്തിലുണ്ട്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നിൽ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആരോപിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം വ്യാജപ്രചാരണം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.
ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ടുപേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഇന്നലെ രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Adjust Story Font
16