Quantcast

ട്രെയിനിലെ തീവെപ്പ്: ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുത്തു

ഇവിടുത്തെ പമ്പിൽ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയതെന്നാണ് ഷാരൂഖ് സെയ്ഫി മൊഴി നൽകിയത്.

MediaOne Logo

Web Desk

  • Published:

    14 April 2023 11:15 AM GMT

Shah Rukh Saifi was brought to Shornur and evidence was taken on Elathur train fire case
X

ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുമായി ഇന്നും തെളിവെടുപ്പ്. പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിൽ ഷാരൂഖ് സെയ്ഫിയെ എത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് ഒന്നേ കാലോടെ കോഴിക്കോട് നിന്നും പുറപ്പെട്ട് വൈകീട്ട് മൂന്നരയോടെയാണ് പ്രതിയെ ഷോർണൂരിലെത്തിച്ചത്. അതീവ സുരക്ഷയിലായിരുന്നു യാത്ര.

തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കി.മീ അകലെയുള്ള പെട്രോൾ പമ്പിലേക്ക് തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയതെന്നാണ് ഷാരൂഖ് സെയ്ഫി മൊഴി നൽകിയത്. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡുൾപ്പെടെ നടത്തുകയും ചെയ്തു.

നാല് മണിവരെയായിരുന്നു പെട്രോൾ പമ്പിലെ തെളിവെടുപ്പ്. തുടർന്ന് പമ്പിൽ നിന്നും പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയിൽവേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു. പ്രതിയെ റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ എത്തിച്ച ശേഷം മറ്റൊരിടത്തേക്ക് കൊണ്ടുപോയി. റെയിൽവേ സ്റ്റേഷനിലേക്കെത്തിക്കുന്ന സമയം ചില നാടകീയ നീക്കങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ആദ്യം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കെത്തിയ പൊലീസ്, പിന്നീട് തിരികെ പോയി. തുടർന്ന് ഒന്ന് കറങ്ങിയശേഷം വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. ഷോർണൂരിൽ മണിക്കൂറോളം ഉണ്ടായിരുന്ന ഇയാൾ എവിടെയൊക്കെയാണ്, ആരുടെയൊക്കെ കൂടെയാണ് ചെലവഴിച്ചതെന്ന കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

സംഭവം നടന്ന ഏപ്രിൽ രണ്ടിന് പുലർച്ചെ അഞ്ച് മണിക്കാണ് ഷാരൂഖ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നീട് വൈകീട്ട് പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങി. ഈ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷോർണൂരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടയ്ക്ക് ഇയാൾ ആരെയെങ്കിലും കണ്ടോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

തുടർന്നാണ് ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ കയറിയതും വഴിമധ്യേ യാത്രികർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്. കേസിലെ ഏറ്റവും നിർണായക തെളിവെടുപ്പാണ് ഷോർണൂരിൽ നടന്നത്. പ്രതിയെ ബുധനാഴ്ച കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്നും വൻ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇയാളുമായുള്ള യാത്ര.





TAGS :

Next Story