ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിക്കാരന്‍, യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തില്‍: എ.ഡി.ജി.പി
'പ്രതി പ്ലാന്‍ ചെയ്തുതന്നെയാണ് വന്നത്'
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിയുള്ള ആളാണ്. പ്രതി എത്തിയത് കൃത്യമായ ഉദ്ദേശ്യത്തോടെയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഷാരൂഖ് സെയ്ഫിയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.
"സാക്കിര്‍ നായിക്ക് പോലുള്ള റാഡിക്കലൈസ്‍ഡ് ആള്‍ക്കാരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം നോക്കിയിട്ടുണ്ട്. പുള്ളി റാഡിക്കലൈസ്‍ഡാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്ലാന്‍ ചെയ്തുതന്നെയാണ് വന്നത്. അദ്ദേഹം വരുന്ന പ്രദേശം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അന്വേഷിച്ചിട്ടുള്ളതാണ്. അതിന്‍റെ പ്രത്യേകത നിങ്ങള്‍ക്ക് അറിയാം. വേറെ സഹായം കിട്ടിയിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണ്. അന്വേഷണം രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. വിശദമായി അന്വേഷിക്കേണ്ടതുണ്ട്"- എ.ഡി.ജി.പി പറഞ്ഞു.
ഷാരൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയതു മുതല്‍ കൃത്യം ചെയ്ത് രത്നഗിരിയിലേക്ക് കടന്നതു വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. പ്ലസ് ടുവാണ് ഷാരൂഖ് സെയ്ഫിയുടെ വിദ്യാഭ്യാസം. ആദ്യമായിട്ടാണ് കേരളത്തിലെത്തിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു.
ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. യു.എ.പി.എ ചുമത്തിയ സാഹചര്യത്തിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ കൂടുതൽ ദിവസം കസ്റ്റഡിൽ ലഭിക്കാനാണ് സാധ്യത.
Adjust Story Font
16