ഷാരോണ്‍ രാജ് വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ .മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ഗ്രീഷ്മ ക്രൂരമായ കുറ്റകൃത്യം നടത്തിയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകിയത്. ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഷാരോൺ പ്രണയത്തിന്‍റെ അടിമയായിരുന്നുവെന്നും വിധി പ്രസ്താവത്തിൽ പറയുന്നു.
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു. നിർവികാരയായാണ് ഗ്രീഷ്മ വിധി കേട്ടത്. വിധി കേട്ട് ഷാരോണിന്‍റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗ്രീഷ്മ.
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഗ്രീഷ്മക്ക് ചെകുത്താൻ ചിന്തയാണെന്നും ബോധപൂർവം പദ്ധതി തയ്യാറാക്കി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള മാനസിക പീഡനം ഷാരോണിൽ നിന്ന് ഗ്രീഷ്മയ്ക്ക് നേരിടേണ്ടിവന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
ബിരുദാനന്തര ബിരുദം നല്ല മാർക്ക് വാങ്ങി പാസായ തനിക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നും ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയുടെ പ്രായവും,നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കോടതി പരിഗണിക്കാനാണ് സാധ്യത. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. കഷായത്തിൽ കളനാശിനി കലർത്തി നൽകിയാണ് ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്.
പാറശ്ശാലക്ക് സമീപം സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകൻ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി ചേർത്ത് കുടിപ്പിക്കുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്‌സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്‌മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്‌മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കയ്പ്പ് മാറാൻ ജ്യൂസും നൽകിയിരുന്നു. മുറിയിൽ ഛർദിച്ച ഷാരോൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വഴിയും പലതവണ ഛർദിച്ചു.
ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. എന്നാൽ, പിറ്റേദിവസം വായിൽ വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Adjust Story Font
16