നടിയെ ആക്രമിച്ച കേസിലെ വ്യാജ വാട്സ്ആപ്പ് ചാറ്റുകള്‍: ഷോൺ ജോർജിനെ ചോദ്യംചെയ്യും
കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സ്ആപ്പ് ചാറ്റുകള്‍ നിർമിച്ചെന്ന കേസിൽ പി.സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യംചെയ്യും. നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം ഷോൺ ജോർജിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ നിര്‍മിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും പേരിലായിരുന്നു വ്യാജ സന്ദേശങ്ങള്‍. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരുടെ പേരിലായിരുന്നു വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍. മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാർ, പ്രമോദ് രാമന്‍, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്സ്ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്.
കഴിഞ്ഞ വ്യാഴാഴ്ച ഏഴു മണിക്ക് ക്രൈംബ്രാഞ്ച് സംഘം ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ആറു മണിക്കൂറോളം നീണ്ട പരിശോധനക്കൊടുവിൽ മൂന്ന് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും അഞ്ച് മെമ്മറി കാർഡുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കർഡുകളും ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പലപ്പോഴായി സോഷ്യൽ മീഡിയ വഴി ലഭിച്ച ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ദിലീപിന് അയച്ചു നൽകിയിട്ടുണ്ടെന്ന് ഷോൺ ജോർജ് സമ്മതിച്ചു. പക്ഷേ വ്യാജ വാട്സ് ആപ്പ് ചാറ്റ് നിര്‍മിച്ചത് താനല്ലെന്നാണ് ഷോൺ പറയുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മൊബൈൽ ഫോൺ 2019ൽ നഷ്ടപ്പെട്ടെന്നും ഷോണ്‍ പറഞ്ഞു.
Adjust Story Font
16