പരാതിയില്ലെന്ന് കടയുടമ; പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് അവസാനിപ്പിച്ചു
കേസ് അവസാനിപ്പിക്കണമെന്ന വാദത്തെ പൊലീസ് കോടതിയിൽ ശക്തമായി എതിർത്തു
കോട്ടയം: കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കോടതി അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
സെപ്‌റ്റംബർ 30നാണ് കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്ട്സ് കടയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ പത്ത് കിലോ മാങ്ങ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോഷ്ടിച്ചത് ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബാണെന്ന് തെളിഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി കടയുടമ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദമായ വാദം കേട്ടതിന് ശേഷം കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഐപിസി 379 വകുപ്പ് പ്രകാരമുള്ള മോഷണക്കുറ്റമാണ് കോടതി അവസാനിപ്പിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന വാദത്തെ പൊലീസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നു. മാമ്പഴ മോഷണം സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ ഷിഹാബിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മറ്റ് കേസുകളുണ്ടെങ്കിൽ പൊലീസിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
Adjust Story Font
16