ഷുഹൈബ് വധം: പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി
'കേസില്‍ കുറ്റമറ്റ അന്വേഷണമാണ് നടന്നത്'
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ശരിയായ അന്വേണം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കേസിലാകെ 17 പ്രതികളാണുള്ളത്. കുറ്റമറ്റ അന്വേഷണമാണ് നടന്നത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രതികളെയും പ്രതികൾക്ക് സഹായം നൽകിയവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഒന്നാംപ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസിൽ പ്രതിയായി.17/2/2023 ന് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കാട്ടി ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് കിട്ടാത്തതിനാൽ ഹരജി പിൻവലിച്ചു. കേസ് അന്വേഷണം സുതാര്യമല്ലെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോരായ്മ ചൂണ്ടിക്കാട്ടി യാതൊരു പരാതിയും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാണ്.അതുകൊണ്ട് തന്നെ ഇത് സഭയില്‍ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി.സിദ്ധിഖ് എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഷുഹൈബിനെ കൊലപ്പെടുത്തിയത് പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് വെളിപ്പെടുത്തിയിട്ടും സർക്കാർ തുടരന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
Adjust Story Font
16