''ഞാൻ മെഹ്നാസ് കാപ്പൻ, ഇരുട്ടറയിൽ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകൾ''; സ്വാതന്ത്ര്യദിനത്തിൽ ഹൃദയം കവർന്ന് വൈറൽ പ്രസംഗം
''ഇറങ്ങിപ്പോകാൻ പറയുന്നവരോട് എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. മതം, വർണം, രാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അക്രമങ്ങൾ ഒരുമിച്ച് സ്നേഹത്തോടെ, ഐക്യത്തോടെ നിന്ന് പിഴുതെറിയണം.''
മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനത്തിൽ താരമായി യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ. സ്‌കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സിദ്ദീഖിന്റെ മകൾ മെഹ്നാസ് കാപ്പൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മെഹ്നാസ് പ്രസംഗം തുടങ്ങുന്നത്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിംഗിന്റെയും പുണ്യാത്മക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യമെന്ന് ഒൻപതുകാരി പറഞ്ഞു. ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തിരഞ്ഞെടുക്കണമെന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട്. അഭിപ്രായസ്വാതന്ത്ര്യവുമുണ്ടെന്നും അവൾ ചൂണ്ടിക്കാട്ടി.
ഇറങ്ങിപ്പോകാൻ പറയുന്നവരോട് എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനർജന്മമായി ആഗസ്റ്റ് 15ന് ഉയർത്തെഴുന്നേൽക്കെപ്പട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടെ മുന്നിലും അടിയറവുവച്ചുകൂടാ. എന്നാൽ ഇന്നും അശാന്തി എവിടയൊക്കെയോ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വർണം, രാഷ്ട്രീയം ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നടക്കുന്ന അക്രമങ്ങളെന്നും ഇതിനെയെല്ലാം ഒരുമിച്ച് സ്നേഹത്തോടെ, ഐക്യത്തോടെ നിന്ന് പിഴുതെറിയണമെന്നും മെഹ്നാസ് കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ജി.എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മെഹ്നാസ്. 2020 ഒക്ടോബറിൽ ഹാത്രസിലെ ദലിത് സ്ത്രീയുടെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്കാണ് സിദ്ദീഖിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനു വേണ്ടി ഭാര്യ റൈഹാനയും കേരള പത്രപ്രവർത്തക യൂനിയനും നിയമപോരാട്ടം തുടരുകയാണ്.
മെഹ്നാസ് കാപ്പന്റെ വൈറൽ പ്രസംഗത്തിന്റെ പൂർണരൂപം
മാന്യസദസിന് വന്ദനം, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. ഞാൻ മെഹ്നാസ് കാപ്പൻ. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ. ഇന്ത്യാ മഹാരാജ്യം 76-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കാലെടുത്ത് വെച്ച ഈ മഹത്തരമായ വേളയിൽ ഒരു ഭാരതീയൻ എന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും ഞാൻ പറയട്ടെ, ഭാരത് മാതാ കീ ജയ്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിംഗിന്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സ്വാതന്ത്ര്യം. ഇന്ന് ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തിരഞ്ഞെടുക്കണം ഇതിനെല്ലാം ചോയ്‌സുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്.
ഇറങ്ങിപ്പോകാൻ പറയുന്നവരോട് എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനർജന്മമായി ആഗസ്റ്റ് 15ന് ഉയർത്തെഴുന്നേൽക്കെപ്പട്ട ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടെ മുന്നിലും അടിയറവുവച്ചുകൂടാ. എന്നാൽ ഇന്നും അശാന്തി എവിടയൊക്കെയോ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വർണം, രാഷ്ട്രീയം ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നടക്കുന്ന അക്രമങ്ങൾ.
ഇതിനെയെല്ലാം ഒരുമിച്ച് സ്നേഹത്തോടെ, ഐക്യത്തോടെ നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ചുകളയണം. ഒരുമിച്ച്, ഒരു ജീവനായി നമുക്ക് ജീവിക്കണം. ഇനിയും ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയിൽ എത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്നം കാണണം.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ എല്ലാ ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു, ജയ് ഹിന്ദ്.. ജയ് ഭാരത്..
Summary:'My father's freedom has been broken': Siddique Kappan's daughter in I-Day speech
Adjust Story Font
16