ബലാത്സംഗക്കേസില്‍ സിദ്ദീഖിന്‍റെ ജാമ്യം തുടരും; കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും
പരാതി വൈകാന്‍ കാരണമെന്തെന്ന് സുപ്രിം കോടതി
കൊച്ചി: പീഡനക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി. കേസിൽ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും കോടതി പറഞ്ഞു. ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെ ജാമ്യം തുടരും. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം എതിർ സത്യവാങ്മൂലം നൽകാൻ സിദ്ദീഖിന് രണ്ടാഴ്ച സാവകാശം നൽകി. എഫ്‌ഐആർ ഇട്ട ശേഷം സിദ്ദീഖ് ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയെന്നും ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ ശേഖരിക്കാൻ തേഡ് പാർട്ടിയെ ആശ്രയിക്കേണ്ടി വന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയിൽ സിദ്ദീഖ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിൽ തന്‍റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോൺ നമ്പർ വിവരങ്ങളും കൈമാറി, പഴയ ഫോണുകൾ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
Adjust Story Font
16