'കേട്ടാലറക്കുന്ന ഭാഷയിൽ തെറി, കുറ്റം ഏൽക്കണമെന്ന് ഭീഷണി, മർദനം'; കാസർകോഡ് പോലീസിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവാവ്
പി.സി ജോർജ് സമൂഹത്തിൽ ഞെളിഞ്ഞിരുന്ന് സർക്കാർ സംവിധാനത്തിന്റെ സഹായത്തോടെ പച്ചക്ക് വർഗീയത പറഞ്ഞു നടക്കുമ്പോൾ ഇതും കൂടി സമൂഹം അറിയണംമെന്ന കുറിപ്പോടെയാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്

സിനാൻ കുമ്പള
കാസർകോഡ്: പൊതുമധ്യത്തിൽ വിദ്വേഷപ്രചാരണം നടത്തുന്ന പിസി ജോർജിനെപ്പോലുള്ളവരെ തലോടുന്ന പോലീസിൽ നിന്ന് ഇല്ലാത്ത കേസിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവാവ്. വ്യാജ ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കാസറഗോഡ് പോലീസിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സിനാൻ കുമ്പള എന്ന യുവാവ് പങ്കുവെച്ചത്. 'കുമ്പളകാരൻ ബീരാൻ' എന്ന പേരിലെ വ്യാജ അക്കൗണ്ട് തന്റേതാണെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിച്ചുവെന്നും, കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ദേഹോപദ്രവം അടക്കം ഏൽപ്പിച്ചെന്നും യുവാവ് ആരോപിക്കുന്നു.
പിസി ജോർജിന്റെ വിദ്വേഷപരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സിനാൻ തന്റെ അനുഭവം വെളിപ്പെടുത്തിയത്. പിസി ജോർജ് വിദ്വേഷപരാമർശം നടത്തുമ്പോൾ പോലീസിനും സർക്കാരിനും പ്രത്യേക സ്‌നേഹവും കരുതലുമാണെന്ന് സിനാൻ ആരോപിക്കുന്നു. എന്നാൽ താനുമായി ഒരു ബന്ധവുമില്ലാത്ത ഫേസ്ബുക് അക്കൗണ്ടിൽ വന്ന പോസ്റ്റിന്റെ പേരിൽ തനിക്കുണ്ടായ അനുഭവം മറക്കാനാവാത്തതാണെന്നും ഫേസ്ബുക്കിൽ പറയുന്നു.
'കുമ്പളകാരൻ ബീരാൻ' എന്ന പേരിലുള്ള ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സിനാനെ കാസർകോഡ് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചത്. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോൾ തനിക്ക് അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് സിനാൻ വ്യക്തമാക്കി. നേരത്തെ ഇതേ വിഷയത്തിൽ സൈബർ സെൽ തന്റെ ഫോൺ പരിശോധിച്ചതാണെന്ന കാര്യവും സിനാൻ പോലീസിനെ അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് പോലീസിന്റെ രീതി മാറിയെന്ന് സിനാൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കേട്ടാലറക്കുന്ന ഭാഷയിൽ തെറി പറയുകയും മർദിക്കുകയും ചെയ്തു. കുറ്റം ഏൽക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പെപ്പർ സ്പ്രേ അടിക്കും. കുറ്റം സമ്മതിച്ചില്ലങ്കിലും ജയിലിലേക്ക് മാറ്റും. കോടതിയിലേക്ക് കൊണ്ട് പോവും. കുറ്റം സമ്മതിച്ചാൽ നിനക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോവാം എന്നെല്ലാം പറഞ്ഞെങ്കിലും താൻ കുറ്റം ചെയ്യാത്ത കുറ്റം ഏൽക്കാൻ തയ്യാറായില്ല എന്നും സിനാൻ വ്യക്തമാക്കി. പോലീസിൽ നിന്നുണ്ടായ അനുഭവം വലിയ മാനസിക തകർച്ചയിലേക്ക് തള്ളിവിട്ടുവെന്നും സിനാൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
സിനാൻ കുമ്പളയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
പിസി ജോർജ് മുസ്‌ലിം വിരുദ്ധ ഫാക്ടറി തുറന്നിട്ട് ഒരുപാട് കാലമായി കിട്ടുന്ന വേദിയിലും ചാനൽ ചർച്ചകളിലും നിരന്തരമായി പടച്ചു വിടുന്ന വർഗീയതയ്ക്ക് കയ്യും കണക്കുമില്ല. പരാതിപ്പെട്ടാൽ തന്നെ പോലീസിനും സർക്കാരിനും പ്രതേക സ്‌നേഹവും കരുതലുമാണ്. അറസ്റ്റെന്ന് പറഞ്ഞിട്ട് ഹോസ്പിറ്റലിൽ സുഖ സൗകര്യം നൽകി ജാമ്യത്തിൽ ഇറങ്ങാനുള്ള എല്ലാ വഴിയും ഒരുക്കി കൊടുക്കും എന്നിട്ടു വീണ്ടും ആവർത്തിക്കും വർഗീയത.
ഞാനുമായി ഒരു ബന്ധവുമില്ലത്ത ഒരു ഫേക്ക് ഫേസ്ബുക് അക്കൗണ്ടിൽ വന്ന പോസ്റ്റിന്റെ പേരിൽ എനിക്ക് ഈ കഴിഞ്ഞ ഫെബ്രുവരി 7 വെള്ളിയാഴ്ച കാസറഗോഡ് ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായ, ജീവിതത്തിൽ നിന്നു മറന്നു പോകാത്ത ഒരു അനുഭവം ഇവിടെ കുറിക്കുകയാണ് ..!!
പിസി ജോർജ് സമൂഹത്തിൽ ഞെളിഞ്ഞിരുന്ന് സർക്കാർ സംവിധാനത്തിന്റെ സഹായത്തോടെ പച്ചക്ക് വർഗീയത പറഞ്ഞു നടക്കുമ്പോൾ ഇതും കൂടി സമൂഹം അറിയണം. ഞാൻ എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ ഈ ഒഫീഷ്യൽ അക്കൗണ്ട് ആയ സിനാൻ കുമ്പള എന്ന അക്കൗണ്ടിൽ നിന്ന് തന്നെയാണ്. സംഭവം വ്യക്തമായി പറയാം.
എനിക്ക് കാസറഗോഡ് DYSP ഓഫീസിൽ നിന്നും ഫെബ്രുവരി 6 ന് വൈകുന്നേരം ഫോൺ കാൾ വരുന്നു. സിനാൻ അല്ലെ നാളെ രാവിലെ 10 മണിക്ക് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒന്ന് വരണം എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ആ കാൾ. അപ്പോൾ ഞാൻ വരാം എന്നു അറിയിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ 7 ആം തിയതി 10 മണി ആവുമ്പോൾ അന്ന് വെള്ളിയാഴ്ച ആയത് കാരണം രാവിലെ വരാൻ പറ്റില്ല ഉച്ച കഴിഞ്ഞു വരാമെന്ന് അതേ നമ്പറിൽ അങ്ങോട്ട് വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനിൽ എത്തിയാൽ ഈ നമ്പറിൽ വിളിക്കണം എന്ന് ആവശ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു. അങ്ങനെ ഉച്ച കഴിഞ്ഞു സ്റ്റേഷനിൽ എത്തുക്കയും ഫോൺ വിളിച്ചപ്പോൾ, ഫോൺ എടുത്ത് ആ കുമ്പളകാരൻ ബീരാൻ വന്നോ അവിടെ പുറത്ത് നിൽക്കുക അകത്തേക്ക് വിളിക്കുമെന്ന് അറിയിച്ച് ഫോൺ കട്ട് ചെയ്തു.
സമയം ഏകദേശം 2:30 കഴിഞ്ഞിരുന്നു. അങ്ങനെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി ഇരുത്തി. സാർ വരും വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞു.10 മിനിറ്റ് കഴിയുമ്പോൾ SI വന്നു. SI യുടെ റൂമിലേക്ക് എന്നെ വിളിപ്പിച്ചു. ആദ്യം മാന്യമായ രീതിയിൽ ആയിരുന്നു എന്നോട് കാര്യങ്ങൾ ചോദിച്ചത്.
താൻ അല്ലെ കുമ്പളകാരൻ ബീരാacനന്ന് ചോദിച്ചു. ഞാൻ വ്യക്തമായി പറഞ്ഞു, എനിക്ക് ആ അക്കൗണ്ടുമായി ഒരു ബന്ധവുമില്ല എനിക്ക് സിനാൻ കുമ്പള എന്ന എന്റെ അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നു പറയുകയും ചെയ്തു.
1 വർഷം മുമ്പു MLA akm അഷ്‌റഫ് VHP ആസ്ഥാനത്ത് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ എന്റെ സിനാൻ കുമ്പള എന്ന അക്കൗണ്ടിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അന്നും സൈബർ സെല്ലിൽ നിന്ന് വിളിപ്പിച്ചു എന്നെ ചോദ്യം ചെയ്യുകയും അത് കഴിഞ്ഞു പോകാൻ നേരം എന്നോട് കുമ്പളകാരൻ ബീരാനെക്കുറിച്ച് ചോദിക്കുകയും ഫോൺ പരിശോധിക്കുകയും ചെയ്തിട്ടാണ് വിട്ടിരുന്നത്. അതും ഞാൻ അവിടെ പറഞ്ഞു.
എനിക്ക് വ്യക്തമായി ബോധ്യം ഉണ്ട്. ആ അക്കൗണ്ടും ഞാനുമായി ഒരു ബന്ധവുമില്ലന്ന വിശ്വാസവും. എന്നിട്ട് SI തൊട്ടടുത്ത റൂമിലുള്ള യൂണിഫോമോ, നെയിം ബോർഡോ ഇല്ലാത്ത ഒരു പോലീസിനെ വിളിപ്പിച്ചു. അതിനു ശേഷം ചോദിക്കുന്ന രീതി മാറി ഒച്ചത്തിൽ തെറി വിളിയോടെ എന്നെ നോക്കി നീ തന്നെയാണ് കുമ്പളക്കാരൻ ബീരാൻ എന്ന് സമ്മതിക്കണമെന്ന് ഭീഷണിയോടെ ആവശ്യപ്പെട്ടു. ചെയ്യാത്ത കുറ്റം ഏറ്റടുക്കാൻ ഞാൻ തയ്യാറായില്ല.
രണ്ടിൽ കൂടുതൽ പോലീസുകാർ വന്നു. SI റൂമിൽ നിന്നും തൊട്ടടുത്ത റൂമിലേക്ക് എന്നെ കൊണ്ട് പോയി ഫോൺ വാങ്ങി പരിശോധിച്ചു. അവിടന്നും ചീത്ത വിളി തുടർന്ന് കൊണ്ടേ ഇരുന്നു. എന്നെയും എന്റെ മരിച്ചു പോയ ഉപ്പാനെയും കേട്ടാൽ അറച്ചു പോകുന്ന ഭാഷയിൽ തെറി വിളിച്ചു. പല തരത്തിലും എന്നെ ഭീഷണിപ്പെടുത്തി. പല രീതിയിലുള്ള ഭയപ്പെടുത്തൽ ഒക്കെയായിരുന്നു.
വടി കൊണ്ടും കൈ കൊണ്ടും പല തവണയായി എന്നെ അടിക്കുകയും ചെയ്തിരുന്നു. എന്നോട് നീ സമ്മതിച്ചാൽ നിനക്ക് നല്ലതന്ന് പറഞ്ഞു. പല വിധത്തിൽ ആ കുറ്റം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. പെപ്പർ സ്പ്രേ അടിക്കാൻ പോവാണ്. നീ സമ്മതിച്ചില്ലങ്കിലും നിന്നെ ജയിലിലേക്ക് മാറ്റുവാണ്. ഇപ്പോൾ കോടതിയിലേക്ക് കൊണ്ട് പോവും. നീ ഇത് സമ്മതിച്ചാൽ നിനക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോവാം എന്നൊക്കെ പറഞ്ഞിട്ടും ചെയ്യാത്ത കുറ്റം ഞാൻ ഏറ്റെടുക്കാൻ തയ്യാറായില്ല. എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിൽ ഇങ്ങനെ ഒക്കെ നേരിടുമ്പോൾ ഞാൻ സത്യത്തിൽ പതറി പോയിരുന്നു.
പറ്റാവുന്ന രീതിയിൽ ഒക്കെ വൈകുന്നേരം 4:45 വരെ എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. ആരോടോ ഫോണിൽ വിളിച്ചു ഇവൻ എത്രയായാലും സമ്മതിക്കുന്നില്ലന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ മാനസികമായി ഞാൻ നല്ല രീതിയിൽ തകർന്നിരുന്നു.
2 മണിക്കൂറിന് ശേഷം ആണ് ഇവർ എന്നോട് സമാധാനപരമായി സംസാരിക്കാൻ തുടങ്ങിയത്. എന്നിട്ട് SI വന്നു വെള്ളം വേണോ എന്നു ചോദിക്കുകയും വെള്ളം തരുകയും SI റൂമിലേക്ക് കൊണ്ട് പോയി കുറച്ചു സ്‌നേഹ വാക്കുകൾ പറഞ്ഞു. അഡ്രെസ്സ് എഴുതി വാങ്ങി പോവാൻ പറഞ്ഞു.
അങ്ങനെ അവിടെ പുറത്ത് എന്റെ അഡ്രെസ്സ് കൊടുക്കുകയും അവർ എന്റെ ഫോട്ടോ ഒക്കെ എടുത്ത് ഇനി വിളിച്ചാൽ വരണം എന്ന് ആവശ്യപ്പെട്ട് വിടുകയുമാണ് ചെയ്തത്. എനിക്ക് ഒരു ബന്ധവുമില്ലത്ത വിഷയത്തിൽ ഞാൻ അനുഭവിച്ച ചെറിയൊരു അനുഭവമാണ്. ഇത് ഇവിടെ പറയണമെന്ന് തോന്നി.
ഇനിയും എന്നെ ആ വ്യജ അക്കൗണ്ട് വെച്ച് വേട്ടയാടില്ലെന്ന് പറയാൻ പറ്റില്ല. ഇവിടെ പച്ച വർഗീയത ചാനൽ ചർച്ചകളിലും പൊതുവേദിയിൽ ഒക്കെ വിളിച്ചു പറയുന്നവരെക്കെ സ്റ്റേഷനിൽ 2 മണിക്കൂർ പോയിട്ട് 10 മിനിറ്റിന് പോലും വിളിപ്പിക്കുന്നില്ല. സർക്കാരും സർക്കാർ സംവിധാനത്തിലും നമുക്ക് വിശ്വാസം പൂർണമായും നഷ്‍ടപ്പെട്ടു പോകുന്ന അവസ്ഥ വലിയ നിരാശയാണ്.
സോഷ്യൽ മീഡിയയിൽ പച്ച വർഗീയത പ്രചരിപ്പിക്കുന്ന കാസ പോലുള്ള പേജ് ഒരുപാട് നമുക്ക് മുന്നിലുണ്ട്. ഇത് ഒന്നും ഈ പോലീസ് സംവിധാനത്തിന് പ്രശ്നമല്ല. അവർക്ക് എന്ത് പ്രത്യേകതയാണ് ഈ സർക്കാർ സംവിധാനം നൽകുന്നത്..?
ഞാൻ ആ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാവാൻ തിരുമാനിച്ചിട്ടുണ്ട് എനിക്ക് ഈ ഒരു അക്കൗണ്ട് മാത്രമുള്ളു കൂടെ ഉണ്ടാവണം.. പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൽപാടുത്തണം....
Adjust Story Font
16