സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കൊല്ലപ്പെട്ട സിന്ധു ക്രൂരമർദ്ദനത്തിന് ഇരയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ.
ഇടുക്കി പണിക്കൻകുടിയിൽ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ട്. കേസിലെ പ്രതിക്കായി പൊലീസ് സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചിൽ തുടങ്ങി.
കൊല്ലപ്പെട്ട സിന്ധു ക്രൂരമർദ്ദനത്തിന് ഇരയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ. മർദ്ദനത്തിൽ സിന്ധുവിന്‍റെ വാരിയെല്ലുകൾ പൊട്ടി. ശരീരത്തിൽ മർദനമേറ്റത്തിന്‍റെ നിരവധി പാടുകളും ഉണ്ട്. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖം മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്ന് പൊലീസ് അറിയിച്ചു.
കേസിൽ പ്രതിയെന്ന് സംശയിക്കുന്ന മാണിക്കൽ ബിനോയിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് പൊലീസിന്‍റെ അന്വേഷണം. മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ് നാട്ടിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. ആഗസ്റ്റ് 12ന് കാണാതായ സിന്ധു ബാബുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസി ബിനോയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്.
Adjust Story Font
16