വൈവിധ്യങ്ങൾക്കുമേൽ ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികൾ ചെറുത്തുതോൽപ്പിക്കണം: എസ്.ഐ.ഒ
എസ്.ഐ.ഒ ക്യാമ്പസുകളിൽ നടത്തുന്ന 'ക്യാമ്പസ് എഗെൻസ്റ്റ് യു.സി.സി' ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്നു.
കോഴിക്കോട്: ഏക സിവിൽകോഡുമായി മുന്നോട്ടുപോകുമെന്ന ബി.ജെ.പി ഭരണകൂടത്തിന്റെ പ്രഖ്യാപനം രാജ്യത്തെ വൈവിധ്യങ്ങൾക്കുമേൽ ഏകനിയമത്തെ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ് പറഞ്ഞു. അതിനെ വിദ്യാർഥി സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യത്യസ്ത മതങ്ങളും ആചാരങ്ങളും നിയമങ്ങളും എല്ലാകൊണ്ടും സമ്പന്നമായ ഒരു നാട്ടിൽ ഏക സിവിൽകോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഈ വൈവിധ്യങ്ങളെ മുഴുവൻ ഇല്ലാതാക്കുന്നതും ജനാധിപത്യമെന്ന മൂല്യത്തിന് എതിരാണെന്നും സഈദ് പറഞ്ഞു. എസ്.ഐ.ഒ ക്യാമ്പസുകളിൽ നടത്തുന്ന 'ക്യാമ്പസ് എഗെൻസ്റ്റ് യു.സി.സി' ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വൈവിധ്യങ്ങളും വ്യത്യസ്തതകളും കാത്തുസൂക്ഷിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അർഥവത്താവുകയുള്ളൂ. ഏക സിവിൽകോഡിനുള്ള വാദം ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ആർ.എസ്.എസിന്റെ അജണ്ടയാണ്. നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ക്യാമ്പസുകളിൽ ഇതിനെതിരെ ശക്തമായ പോരാട്ടം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്ലം പള്ളിപ്പടി, അഫ്‌നാൻ താനൂർ, അമീൻ തിരൂർക്കാട്, അനസ് ഫൈസൽ, കെ.എം റഷീദ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16