സ്‌കൂൾ വികസനത്തിന് സ്ഥലം വാങ്ങാൻ സ്വർണാഭരണം നൽകി കുഞ്ഞു സഹോദരിമാർ
പതിനഞ്ച് സെന്റ് ഭൂമി വാങ്ങാനായി ജനകീയ കൂട്ടായ്മ നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് സഹോദരിമാർ സ്വർണ്ണ കമ്മലുകൾ കൈമാറിയത്
പാലക്കാട്: സ്‌കൂൾ വികസനത്തിന് സ്ഥലം വാങ്ങാൻ സ്വർണാഭരണം നൽകി സഹോദരിമാർ. പാലക്കാട് ചാലിശ്ശേരി ജി.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി പ്രവ്ദ , സഹോദരി യു.കെ.ജി വിദ്യാർത്ഥി താനിയ എന്നിവരാണ് സ്‌കൂളിനായി സ്വർണ്ണ കമ്മൽ നൽകിയത്.
തൃത്താല വിദ്യാഭ്യസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചാലിശ്ശേരി ജി എൽപി സ്‌കൂളിൽ 18 ക്ലാസ്മുറികൾ വേണ്ടിടത്ത് 12 ക്ലാസ് മുറികൾ മാത്രമാണുള്ളത്. 650 ഓളം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന് നിലവിൽ 45 സെന്റ് സ്ഥലം മാത്രമാണുള്ളത്. സ്ഥലം എൽ.എൽ.എയായ മന്ത്രി എം.ബി രാജേഷ് സ്‌കൂളിലേക്ക് പുതിയ കെട്ടിടത്തിനായി 1.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പക്ഷെ കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ല.
പതിനഞ്ച് സെന്റ് ഭൂമി വാങ്ങാനായി ജനകീയ കൂട്ടായ്മ നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് സഹോദരിമാർ സ്വർണ്ണ കമ്മലുകൾ കൈമാറിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടിൽ വി.എൻ ബിനു - ആരിഫാബീഗം ദമ്പതിമാരുടെ മക്കളാണ് നാടിനാകെ മാതൃകയായത്. സ്‌കൂൾ വാർഷികാഘോഷ ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി വിദ്യാർഥികളിൽ നിന്ന് കമ്മലുകൾ ഏറ്റുവാങ്ങി. ജനകീയ കൂട്ടായ്മയിലൂടെ സ്‌കൂളിന് ആവശ്യമായ ഭൂമി വാങ്ങി പുതിയ കെട്ടിട നിർമ്മാണം ഉടൻ തുടങ്ങനാകുമെന്നാണ് പ്രതീക്ഷ. സ്‌കൂൾ വികസനത്തിന് സ്ഥലം വാങ്ങാൻ സ്വർണാഭരണം നൽകി സഹോദരിമാർ.
Adjust Story Font
16