ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവി അതീവ നിരാശാജനകം; തിരിച്ചടി ഗൗരവമായി പരിശോധിക്കണം: സീതാറാം യെച്ചൂരി
അപ്രതീക്ഷിത തോൽവിയാണ് കേരളത്തിൽ ഉണ്ടായത് എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തോൽവി അതീവ നിരാശാജനകമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിക്കുണ്ടായ തിരിച്ചടി ഗൗരവമായി പരിശോധിക്കണമെന്നും സംസ്ഥാന കമ്മിറ്റിയിലെ റിപ്പോർട്ടിങ്ങിൽ യെച്ചൂരി പറഞ്ഞു.
അപ്രതീക്ഷിത തോൽവിയാണ് കേരളത്തിൽ ഉണ്ടായത് എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുത്തൽ നടപടികൾ വേണമെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേർന്ന് തിരുത്തൽ രേഖ തയ്യാറാക്കാനാണ് നീക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും ഒരു സീറ്റിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. ആലത്തൂരിൽ കെ. രാധാകൃഷ്ണനാണ് വിജയിച്ച ഏക എൽ.ഡി.എഫ് സ്ഥാനാർഥി. വടകര, കോഴിക്കോട്, കാസർക്കോട്, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ കനത്ത തോൽവിയുണ്ടായത് പാർട്ടി വോട്ടിലെ ചോർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടിൽ വലിയ വർധനയുണ്ടായതും സി.പി.എം ഗൗരവമായാണ് കാണുന്നത്.
Adjust Story Font
16