'ശിവശങ്കറിന് സർക്കാർ ഒരു ആനുകൂല്യവും നൽകിയിട്ടില്ല'; ഹൈക്കോടതി പരാമർശത്തിൽ എൽഡിഎഫ് വിശദീകരണം
മാനദണ്ഡങ്ങൾ പാലിച്ചാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചതെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു.
തിരുവനന്തപുരം: എം ശിവശങ്കറിന് സർക്കാർ ഒരു ആനുകൂല്യവും നൽകിയിട്ടില്ലെന്ന് എൽ.ഡി.എഫ്. മുഖ്യമന്ത്രിയോ സർക്കാരോ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയിൽ വലിയ സ്വാധീനം ഉണ്ടെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും എൽഡിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ, ഹൈക്കോടതി നടത്തിയ പരാമർശങ്ങളിലാണ് ഇടതു മുന്നണിയുടെ പ്രതികരണം. മാനദണ്ഡങ്ങൾ പാലിച്ചാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചതെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു. ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.
ഇത് മാധ്യമങ്ങളിൽ വന്നത് തെറ്റായ രീതിയിലാണ് എന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറയുന്നത്. ശിവശങ്കറിന് ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടില്ല. ഓൾ ഇന്ത്യ സർവീസിൽ നിന്ന് ശിവശങ്കറെ സസ്‌പെൻഡ് ചെയ്തത് അദ്ദേഹം ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതു കൊണ്ടല്ല, ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതു കൊണ്ടാണ്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തന്നെ അത് പരിശോധിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് തുടർന്നുള്ള കാര്യങ്ങളിലേക്ക് സർക്കാർ പോയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് സസ്‌പെൻഷൻ അടക്കമുള്ള നടപടികളെടുത്തതെന്നും വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ വിശദീകരിക്കുന്നു.
Adjust Story Font
16