മുൻകരുതൽ ഡോസിന് ജൂൺ 16 മുതൽ ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോർജ്
കിടപ്പ് രോഗികൾക്കും പാലിയേറ്റീവ് കെയർ രോഗികൾക്കും വീട്ടിലെത്തി വാക്സിൻ നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 16 മുതൽ ആറു ദിവസം മുൻകരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് മുൻകരുതൽ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് മുൻകരുതൽ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
ഒമിക്രോണിന്റെ വകഭേദമാണ് കാണുന്നത്. ഒമിക്രോൺ വകഭേദത്തിന് രോഗ തീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തെന്നു കരുതി മുൻകരുതൽ ഡോസെടുക്കാതിരിക്കരുത്. പഞ്ചായത്തടിസ്ഥാനത്തിൽ മുൻകരുതൽ ഡോസെടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുന്നതാണ്. അതീവ ഗുരുതരാവസ്ഥയിൽ പോകുന്നവരിലും മരണമടഞ്ഞവരിലും ഭൂരിപക്ഷം പേരും പൂർണമായും വാക്സിൻ എടുക്കാത്തവരും അനുബന്ധ രോഗങ്ങളുള്ളവരുമാണ്. വാക്സിൻ എടുക്കാനുള്ള മുഴുവൻ പേരും വാക്സിൻ എടുക്കണം. രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവരും മുൻകരുതൽ ഡോസ് എടുക്കാനുള്ളവരും ഉടൻ തന്നെ വാക്സിനെടുക്കേണ്ടതാണ്.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് മുൻകരുതൽ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
Six-day special yajna for precautionary dose from June 16: Minister Veena George
Adjust Story Font
16