കേരളത്തില്‍ ഇന്ന് ആറ് പനി മരണങ്ങൾ; മൂന്ന് പേരുടെ ജീവനെടുത്തത് ഡെങ്കിപ്പനി
കൊല്ലത്ത് മാത്രം നാലു പേരാണ് മരിച്ചത്. മൂന്ന് മരണവും ഡെങ്കിപ്പനി മൂലം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ആറ് മരണം. കൊല്ലത്ത് മാത്രം നാലു പേരാണ് മരിച്ചത്. മൂന്ന് മരണവും ഡെങ്കിപ്പനി മൂലമാണ്. പത്തനംതിട്ടയിലും എറണാകുളത്തും ഓരോ മരണം സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങി വിവിധ പനികള്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും പനിക്കണക്കക്കുകളും ഉയരുകയാണ്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ, കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി ബഷീർ, ഒഴുകുപാറ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടയക്കൽ സ്വദേശി ശ്രുതിയുടെ മരണം എലിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളത്ത് മൂവാറ്റുപുഴയില്‍ പേഴയ്ക്കാപ്പിളളി സ്വദേശി സമദ് ആണ് മരിച്ചത്. ഐ.ടി.ഐ വിദ്യാര്‍ഥിയാണ്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയുടെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. ഈ വര്‍ഷം ഡെങ്കി ബാധിച്ച 1,238 പേരില്‍ 875 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 20 ദിവസത്തിനിടെ 389 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂണില്‍ മാത്രം എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ചത് 13,258 പേര്‍ക്കാണ്. 43 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 315 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇന്ന് എലിപ്പനി സ്ഥിരീകരിച്ചത് 15 പേര്‍ക്കാണ്.
Adjust Story Font
16