1.75 കോടിയുടെ സ്വർണം തട്ടാൻ ശ്രമം: കരിപ്പൂരിൽ ആറംഗ സംഘം പിടിയിൽ
നേരത്തേ സ്വർണവുമായി എത്തിയ യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായിരുന്നു
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടാനെത്തിയ ആറംഗ ക്രിമിനൽ സംഘം അറസ്റ്റിൽ. ഒന്നേമുക്കാൽ കോടി വില മതിക്കുന്ന സ്വർണവുമായി എയർ പോർട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എയർപോർട്ട് പരിസരത്ത് വെച്ച് പോലീസാണ് കവർച്ചാ സംഘത്തെ പിടികൂടിയത്
ഇന്നലെ രാത്രിയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരിൽ സ്വർണം കവരാനായിരുന്നു സംഘത്തിന്റെ പദ്ധതി. സ്വർണക്കടത്തിലുൾപ്പെട്ട ഒരാളുമായി ചേർന്നാണ് കവർച്ചാസംഘം പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. മലപ്പുറം പെരിന്തൽമണ്ണ എലംകുളം സ്വദേശികളായ അൻവർ അലി, മുഹമ്മദ് ജാബിർ, മുഹമ്മദ് സുഹൈൽ, അമൽകുമാർ, മുഹമ്മദലി, ബാബുരാജ് എന്നിങ്ങനെ ആറു പേരാണ് പിടിയിലായത്.
നേരത്തേ സ്വർണവുമായി എത്തിയ യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ശരീരത്തിനകത്താണിവർ സ്വർണം ഒളിപ്പിച്ചിരുന്നത്. ഇവരുമായി എക്‌സ്‌റേ പരിശോധനക്ക് കസ്റ്റംസ് പുറത്തേക്ക് പോകുന്ന സമയത്ത് കവർച്ചാസംഘം ഇവരുടെ വാഹനത്തിനടുത്തേക്ക് വരികയും പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
Adjust Story Font
16