മുല്ലപ്പെരിയാറിൽ ആശ്വാസം; ജലനിരപ്പിൽ നേരിയ കുറവ്
ഇടമലയാർ, ഇടുക്കി ഡാമുകളിൽ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറിൽ ജലനിരപ്പ് ഉയർന്നില്ല.
മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ കുറവ്. നിലവിൽ 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്.
2387.32 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴക്ക് ശമനമുള്ളതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇടമലയാർ, ഇടുക്കി ഡാമുകളിൽ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറിൽ ജലനിരപ്പ് ഉയർന്നില്ല.
വേലിയിറക്ക സമയം ആയതിനാൽ കടൽ കൂടുതൽ വെള്ളം സ്വീകരിച്ചതും മഴ മാറി നിന്നതും അനുകൂലമായി. വെള്ളപ്പൊക്ക ഭീഷണി ഉള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ 21അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ സജ്ജമാണ്.
അതേസമയം പാലക്കാട് ജില്ലയിലെ വാളയാർ ഡാം ഇന്ന് തുറക്കും. രാവിലെ 8നാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക. 201.78 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 203 മീറ്ററാണ് പരമവധി ജലസംഭരണശേഷി. മലമ്പുഴ, കാഞ്ഞീരപ്പുഴ, ശിരുവാണി ഡാം തുടങ്ങി ജില്ലയിലെ പ്രധാന ഡാമുകളെല്ലാം തുറന്നിട്ടുണ്ട്.
അതേസമയം കേരളത്തിൽ നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
Adjust Story Font
16