Quantcast

'തിരൂർ സതീശുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; പിന്നിൽ ഞാനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം'-കൊടകര വെളിപ്പെടുത്തലിൽ ശോഭാ സുരേന്ദ്രൻ

'ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ കേരള രാഷ്ട്രീയത്തിൽനിന്നു വീട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിയും'

MediaOne Logo

Web Desk

  • Published:

    2 Nov 2024 7:41 AM GMT

Sobha Surendran Tirur Satheesh Kodakara hawala case
X

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ജില്ലാ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണ്. സതീശുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആരോപണം കള്ളമാണെന്നും ശോഭ പറഞ്ഞു.

തിരൂർ സതീശിനെ മാധ്യമങ്ങൾ വാഴ്ത്തുകയാണെന്ന് അവർ വിമർശിച്ചു. സതീശ് ഏത് സൊസൈറ്റിയിൽനിന്നാണ് ലോൺ എടുത്തിട്ടുള്ളതെന്നു മാധ്യമപ്രവർത്തകർ അന്വേഷിക്കണം. കഴിഞ്ഞ കാലങ്ങളിൽ എത്ര രൂപ തിരിച്ചടച്ചുവെന്നും അന്വേഷിക്കണം.

സതീശിന് പുറകിൽ താനാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ശോഭാ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് പിണറായി വിജയനും ഗോകുലം ഗോപാലനും ഇ.പി ജയരാജനും ആഗ്രഹിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.

സതീശിന്റെ പിറകിൽ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമപ്രവർത്തകർക്ക് എങ്ങനെയാണ് കഴിയുന്നത്? സതീശ് എത്ര തവണ സംസ്ഥാനം വിട്ടുവെന്നുപോലും അന്വേഷിച്ചിട്ടില്ല. സതീശിന്റെയും മറ്റു ചിലരുടെയും ഫോൺകോളുകൾ കിട്ടാൻ എനിക്ക് പ്രയാസമില്ല. സതീശുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടു മാസംമുൻപ് കണ്ടുവെന്ന ആരോപണം കള്ളമാണ്. എന്റെ ഒരു പ്രവർത്തനത്തിലും സതീശ് പങ്കാളിയായിട്ടില്ല. അയാൾ തന്റെ ഡ്രൈവറുമല്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് കേരള രാഷ്ട്രീയത്തിൽനിന്നു പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിയും. അതിനുള്ള ആവശ്യത്തിനുള്ള ബന്ധം എനിക്ക് കേന്ദ്രത്തിലുണ്ട്. സതീശിന്റെയും ചില പ്രത്യേക ആളുകളുടെയും ഫോൺ കോളുകൾ എടുപ്പിക്കാനാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Summary: Sobha Surendran reacts to the disclosure of BJP's former Thrissur district office secretary in the Kodakara hawala case

TAGS :

Next Story