'രാജ്യത്ത് വിയോജിപ്പ് ക്രിമിനല്‍ കുറ്റമായി മാറുന്നു': സ്പീക്കര്‍ മീഡിയവണ്‍ എഡിറ്റോറിയലില്‍
എം.എം മണി വിവാദത്തിലെ റൂളിങ് പൊതുസമൂഹത്തിനും ബാധകമാണെന്നും സ്പീക്കര്‍
കൊച്ചി: പാർലമെന്‍റില്‍ വാക്കുകള്‍ നിരോധിക്കുന്നത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. ഇന്ത്യയില്‍ വിയോജിപ്പ് ക്രിമിനല്‍ കുറ്റമായി മാറുന്നു. അതിന്‍റെ പ്രതിഫലനമായാണ് പാർലമെന്‍റില്‍ വാക്കുകള്‍ വിലക്കിയത്. പാർലമെന്‍റില്‍ ജനാധിപത്യം മൂല്യശോഷണം നേരിടുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലാണ് നിയമസഭാ സ്പീക്കറുടെ പ്രതികരണം.
"അഴിമതി എന്നു പറയാന്‍ പാടില്ല എന്നു പറഞ്ഞാല്‍.. പാര്‍ലമെന്‍റില്‍ അഴിമതിയെ കുറിച്ച് പറയാന്‍ പറ്റില്ല എന്നുപറഞ്ഞാല്‍ എവിടെ പറ്റും? ഇന്ത്യ എവിടെ എത്തിനില്‍ക്കുന്നു എന്ന പശ്ചാത്തലത്തിലാണ് അത് കാണേണ്ടത്. പാര്‍ലമെന്‍റ് അങ്ങേയറ്റം ഡീവാല്യു ചെയ്യപ്പെട്ടു എന്നു പറയുന്നതില്‍ ഖേദമുണ്ട്"
എം.എം മണി വിവാദത്തിലെ റൂളിങ് പൊതുസമൂഹത്തിനും ബാധകമാണെന്ന് സ്പീക്കര്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ ആശയവിനിമയം ജനാധിപത്യപരമാക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണെന്നും എം.ബി രാജേഷ് പറഞ്ഞു-
"നിയമസഭയില്‍ ഉപയോഗിക്കുന്ന വാക്കിനെ മാത്രം കുറിച്ചായിരുന്നില്ല ആ റൂളിങ്. പുറത്തും പ്രസക്തമായ കാര്യങ്ങളാണ് പറഞ്ഞത്. ജനാധിപത്യപരമായിട്ട് എങ്ങനെയാണ് നാം പെരുമാറുകയും പ്രവര്‍ത്തിക്കുകയും വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. ഇത്രയും കാലം ആര്‍ജിച്ച ജനാധിപത്യപരമായ ബോധ്യത്തില്‍ നിന്നായിരുന്നു അത്".
Adjust Story Font
16