Quantcast

സിനിമ മേഖലക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടൻ

തിങ്കളാഴ്ച വിവിധ സിനിമാ സംഘടനകളുമായി സാംസ്കാരികമന്ത്രി നടത്തുന്ന ചർച്ചയിൽ ഇതിന് അന്തിമരൂപം ആകും

MediaOne Logo

Web Desk

  • Updated:

    2021-10-09 02:38:16.0

Published:

9 Oct 2021 1:46 AM GMT

സിനിമ മേഖലക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടൻ
X

സിനിമ മേഖലക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടൻ ഉണ്ടാകും. തിങ്കളാഴ്ച വിവിധ സിനിമാ സംഘടനകളുമായി സാംസ്കാരികമന്ത്രി നടത്തുന്ന ചർച്ചയിൽ ഇതിന് അന്തിമരൂപം ആകും. ഈ മാസം 28ന് പുതിയ മലയാള സിനിമകളുടെ പ്രദർശനവുമായി തിയറ്ററുകൾ സജീവമാകും.

തിയറ്ററുകൾ തുറക്കുന്നതിന് മുന്നോടി ആയാണ് ചർച്ച. സിനിമാസംഘടനകൾ ആവശ്യപ്പെട്ട പാക്കേജ് ആണ് പ്രധാന അജണ്ട. പൂട്ടിക്കിടന്ന കാലയളവിലെ വിനോദ നികുതി, ഫിക്സഡ് ചാർജ് തുടങ്ങിയവ ഒഴിവാക്കുക, വൈദ്യുതി ചാർജ് അടക്കുവാൻ സാവകാശം തുടങ്ങിയവയാണ് തിയറ്റർ ഉടമകളുടെ ആവശ്യം. ഇതുകൂടാതെ പത്തുലക്ഷം രൂപയുടെ ലോണും തൊഴിലാളികൾക്ക് 25000 രൂപ ക്ഷേമനിധിയിൽ നിന്ന് സാമ്പത്തിക സഹായവും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ ചിത്രീകരണം നടത്തുന്ന സിനിമകൾക്ക് വാടകയിനത്തിൽ ഇളവുനൽകാൻ നിർമ്മാതാക്കളും ആവശ്യപ്പെടും.

ഈ മാസം തന്നെ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നാണ് തിയറ്ററുകൾ അടച്ചത്. ആറുമാസത്തിനു ശേഷം ആണ് തിയറ്ററുകൾ വീണ്ടും തുറക്കുന്നത്. എന്നാൽ 25ാം തിയതി തിങ്കളാഴ്ച ആയതിനാൽ എല്ലാ തിയറ്ററുകളും തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല എന്നാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ ഭാരവാഹികൾ പറയുന്നത്.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, അജഗജാന്തരം, കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്‍റെ വഴി, ആറാട്ട് തുടങ്ങി ഒരുപിടി സിനിമകൾ ആണ് തിയറ്റർ റിലീസ് കാത്തുനിൽക്കുന്നത്. നിലവിൽ പകുതി സീറ്റുകളിൽ ആളെ ഇരുത്തുന്നതിനാണ് അനുമതിയുള്ളത്. ക്രിസ്മസ് റിലീസ് എത്തുമ്പോഴേക്കും മുഴുവൻ സീറ്റിലും ആളെ കയറ്റാൻ ആകും എന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.



TAGS :

Next Story