കർണാടകയിൽ ശ്രീരാമസേനയുടെ പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്
186 യുവാക്കളാണ് ക്യാമ്പിൽ പങ്കെടുത്തത്
കാസര്‍കോട്: കർണാടകയിൽ ശ്രീരാമസേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവം വിവാദമായതോടെ 27 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലായിരുന്നു പരിശീലന ക്യാമ്പ്. ക്യാമ്പിൽ 186 യുവാക്കൾ പങ്കെടുത്തതായാണ് വിവരം. ഡിസംബർ 25 മുതൽ 29 വരെയായിരുന്നു ആയുധ പരിശീലന ക്യാമ്പ്.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ തോഡൽബാഗിയിലുള്ള കാശി ലിംഗേശ്വര ക്ഷേത്ര ഭൂമിയിലായിരുന്നു ആയുധ പരിശീലന ക്യാമ്പ്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ശ്രീരാമ സേന പ്രവർത്തകർ തന്നെ പുറത്ത് വിട്ടു. ഇതോടെ കുടുംബ ക്ഷേത്ര ഭൂമിയിൽ അതിക്രമിച്ചു കടന്നതിന് സ്ഥലം ഉടമ നിങ്കപ്പ ശിവപ്പ ഹുഗർ പൊലാസിൽ പരാതി നൽകി. ഈ പരാതിയിലാണ് 27 പേർക്കെതിരെ പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുകയാണെന്ന് ബാഗൽകോട്ട് പൊലീസ് സൂപ്രണ്ട് വൈ. അമർനാഥ് റെഡ്ഡി പറഞ്ഞു. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ യഥാർഥ തോക്കുകളാണോ എയർഗണുകളാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിഎസ്പിയെ ചുമതലപ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), ആയുധ നിയമത്തിലെ സെക്ഷൻ 30 എന്നിവ പ്രകാരം ആയുധ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 25 മുതൽ 29 വരെ നടന്ന ക്യാമ്പിൻ്റെ അവസാന ദിവസമാണ് ആയുധപരിശീലനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തോക്ക് ദണ്ഡ് ഉപയോഗിച്ചുള്ള പരിശീലനമാണ് നടന്നത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആവശ്യപ്പെട്ടു ശ്രീരാമസേനയ്‌ക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് കർണാടക പൊലീസ് ഡയറക്ടർ ജനറലിന് പരാതിയും നൽകി.
ആയുധ നിയമത്തിലെ സെക്ഷൻ 25, 27, കൂടാതെ ബിഎൻഎസിൻ്റെ സെക്ഷൻ 61 (ക്രിമിനൽ ഗൂഢാലോചന), 189 (നിയമവിരുദ്ധമായി സംഘം ചേരൽ) എന്നിവ പ്രകാരം സംഘാടകർക്കെതിരെ കുറ്റം ചുമത്തണമെന്നാണ് ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റിസിൻ്റെ ആവശ്യം.
Adjust Story Font
16