മന്ത്രിയുടേത് ഭരണഘടനയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് തെളിയിക്കുന്ന പ്രസ്താവന: വി. മുരളീധരൻ
''ഭരണഘടനയോടുള്ള കൂറില്ലായ്മയാണ് മന്ത്രി പ്രകടിപ്പിച്ചത്''- വി. മുരളീധരൻ
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മന്ത്രിയുടേത് ഭരണഘടനയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയാണെന്ന് വി. മുരളീധരൻ വ്യക്തമാക്കി. മന്ത്രി ഭരണഘടനയെ അവഹേളിച്ചത് രാജ്യ വിരുദ്ധമാണെന്നും വി. മുരളീധരൻ തുറന്നടിച്ചു. സജി ചെറിയാന്റെ പരാമർശം പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിദേശ കാര്യ സഹമന്ത്രിയുടെ പ്രതികരണം.
ഭരണഘടനയോടുള്ള കൂറില്ലായ്മയാണ് മന്ത്രി പ്രകടിപ്പിച്ചത്. ബ്രിട്ടീഷുകാർ പറഞ്ഞത് എഴുതിയത് മാത്രമായി കാണുന്ന മന്ത്രിയുടേത് വിവരക്കേട് മാത്രമല്ലെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎം നേതൃത്വം സംഭവത്തെ ലഘുകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ല. ആവർത്തിച്ചു പറയുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്. ഇങ്ങനെ ഒരാളെ മന്ത്രിസഭയിൽ വച്ചുകൊണ്ടിരിക്കാൻ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയും ഭരണഘടനയെ അവഹേളിക്കാൻ കൂട്ടു നിൽക്കുകയാണ്. സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. ഖേദ പ്രകടനമാണ്, മാപ്പ് പറയാൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു.
അതേസമയം തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. തന്റെ പരാമർശം ദുർവ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പരാമർശം പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും പിന്നീട് അത് ദുർ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി പറഞ്ഞു. ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു. എന്നാൽ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രംഗത്തെത്തി. മന്ത്രി ഭരണഘടനാ മനോഹരമാണെന്ന് തന്നെയാണ് പരാമർശിച്ചത്. മന്ത്രി പറഞ്ഞത് കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണെന്നും കെ.പി ഉദയഭാനു വ്യക്തമാക്കി.
Adjust Story Font
16