തെരുവുനായ ശല്യം: സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണെന്ന് വി.ഡി സതീശൻ
തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമാണെന്നും സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര പരിഹാര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് പതിമൂന്ന് കാരി അഭിരാമി മരിച്ച പശ്ചാതലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
'കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷം പേരെയാണ് പട്ടികടിച്ചത്. ഇപ്പോൾ നായ കടിച്ച് ആളുകൾ മരിക്കാൻ തുടങ്ങിയിരിക്കുന്നു. വളരെ ഗൗരവകരമായ വിഷയമാണിത്. പേവിഷയ്‌ക്കെതിരായ വാക്‌സിനെതിരെ ധാരാളം പരാതികളാണ് ഉയരുന്നത്. ആരോഗ്യ മന്ത്രി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി വാക്‌സിനെക്കുറിച്ച് അന്വേഷണം ആകാമെന്ന് പറഞ്ഞു. ഇക്കാര്യം ഗൗരവത്തിലെടുക്കണം. മാലിന്യംവർധിച്ചതും നായകൾ പെരുകാൻ കാരണമായി. വാചകമടിയല്ലാതെ മാലിന്യനിർമാർജനത്തിനായി ഒരു നല്ല പദ്ധതിയും സംസ്ഥാനത്ത് ഇല്ല'- സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ ലാബിലെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആഗസ്റ്റ് 13 ന് പെരുന്നാട്ടിലെ വീടിന് സമീപത്ത് വച്ച് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടും മോശമാകുകയും ഇന്ന് ഉച്ചയോടെ മരിക്കുകയും ചെയ്തു.
Adjust Story Font
16