തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാൾട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു
കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു. മൂലംപിള്ളി സ്വദേശി സാൽട്ടൺ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോകാൻ ഇറങ്ങിയ സാൽട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാൾട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തൽക്ഷണം തന്നെ യുവാവ് മരിച്ചു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാറ്ററിങ്ങിന്റെയും മറ്റും മാലിന്യങ്ങൾ വണ്ടികളിൽ കൊണ്ടുവന്ന് റോഡരികിൽ തട്ടുന്നത് ഇവിടെ പതിവാണ്. നായശല്യത്തിന്റെ പ്രധാന കാരണവും ഇത് തന്നെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളിലില്ലാത്തത് സംബന്ധിച്ച് നിരവധി തവണ പരാതികൾ ഉയർന്നതാണ്. ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. പ്രദേശത്ത് സിസിടിവി അടക്കം സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Adjust Story Font
16