ഇടിച്ചു വീഴ്ത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പരാതിയുമായി വിദ്യാർഥികൾ; ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ബിനോയിയുടെ ലൈസൻസാണ് ഇടുക്കി ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തത്
ഇടുക്കി: മുരിക്കാശേരിയിൽ സ്‌കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി വിദ്യാർഥികൾ. മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആർ.ടി.ഒക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് കെ.എസ്.ആർ.ടി.സിഡ്രൈവർക്കെതിരെ നടപടിയെടുത്തത്. ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും കോട്ടയം കൂട്ടിക്കൽ സ്വദേശിയുമായ ബിനോയിയുടെ ലൈസൻസാണ് ഇടുക്കി ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തത്. മുരിക്കാശ്ശേരിയിൽ അമ്മക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ഇടിച്ചു വീഴ്ത്തിയ ശേഷം ബസ് നിർത്താതെ പോയെന്ന വിദ്യാർഥികളുടെ പരാതി.
കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം.സ്‌കൂൾ വിട്ട് അമ്മയോടൊപ്പം വരുമ്പോൾ സ്‌ക്കൂട്ടറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയും തങ്ങൾ റോഡിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തുവെന്നാണ് പരാതി. അപകടത്തിൽ മൂന്നുപേർക്കും പരിക്കേറ്റു.
മുറിവ് പറ്റിയതിനാൽ പരീക്ഷ പോലും എഴുതാൻ പറ്റിയില്ലെന്നും പരാതിയിൽ പറയുന്നു. അപകടം നടന്നിട്ടും ബസ് നിർത്താതെ പോയെന്നും വിദ്യാർഥികൾ പറയുന്നു. ഈ സംഭവത്തിന് ശേഷം ബസ് കാണുമ്പോൾ അനിയത്തിക്ക് പേടിയാണെന്നും ആരുമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെങ്കിൽ ഞങ്ങളെ ആര് രക്ഷിക്കുമായിരുന്നെന്നും വിദ്യാർഥികൾ നൽകിയ പരാതിയിൽ ചോദിക്കുന്നു.
Adjust Story Font
16