വർക്ക് ഷോപ്പാണെന്ന് കരുതി കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസിൽ; വിദ്യാർഥികൾ കുടുങ്ങി
വിദ്യാർഥികളിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു
അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ എക്‌സൈസ് ഓഫീസിൽ കയറി തീപ്പെട്ടി ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര പോകുന്ന സംഘത്തിലെ വിദ്യാർത്ഥികളാണ് വർക്ക് ഷോപ്പാണെന്ന് കരുതി അടിമാലിയിലെ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ഓഫീസിലേക്ക് കഞ്ചാവുമായി കയറിച്ചെന്നത്.
അധ്യാപകർക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ഓഫീസിനടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാർത്ഥികൾ കാട് പിടിച്ച കെട്ടിടത്തിന് സമീപത്തേക്ക് പോയി. ആ കെട്ടിടം എക്‌സൈസ് ഓഫീസാണെന്ന് വിദ്യാർത്ഥികൾക്ക് അറിയില്ലായിരുന്നു. നിരവധി വാഹനങ്ങൾ കൂട്ടിയിട്ടതു കണ്ട് വർക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാർത്ഥികൾ കഞ്ചാവ് ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്.
തുടർന്ന് കെട്ടിടത്തിന്റെ വാതിൽ തുറന്ന് തീപ്പെട്ടി ചോദിച്ചപ്പോഴാണ് അതൊരു എക്‌സൈസ് ഓഫീസാണെന്ന് വിദ്യാർത്ഥികൾക്ക് മനസിലായത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തുടർന്ന് അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ്ങും നൽകി.
Adjust Story Font
16