പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് സസ്പെൻഷൻ
ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു
തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. ഡിജിപിയുടെ റിപ്പോർട്ടിന്മേലാണ് നടപടി. ഗുരുതര ചട്ടലംഘനമാണെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡിഐജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഗുരുതര ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎ, സുജിത് ദാസിനെതിരെയും എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ഉന്നയിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ മലപ്പുറം എസ്പി കൂടിയായ സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. 'നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണക്കടത്ത് നടത്തിയത്.
സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. സുജിത് ദാസ് നിയോഗിച്ച പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്‍റെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വർണമാണ് കസ്റ്റംസിന്റെ രേഖയിൽ വരുന്നത്. കള്ളക്കടത്ത് സ്വർണമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതി'യെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണെന്നും എം.എൽ.എ ആരോപിച്ചിരുന്നു.
Adjust Story Font
16