അഡ്വ. എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനാക്കിയതിനെതിരെ സുന്നി സംഘടനാ നേതാക്കൾ
മുൻ പി.എസ്.സി ചെയർമാൻ എം.കെ സക്കീറിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചത്.
കോഴിക്കോട്: അഡ്വ. എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനാക്കിയതിനെതിരെ വിമർശനവുമായി സുന്നി സംഘടനാ നേതാക്കൾ. നാസർ ഫൈസി കൂടത്തായി, മുഹമ്മദലി കിനാലൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയത്. മതവിശ്വാസമില്ലാത്തയാളെ വഖഫ് ബോർഡ് ചെയർമാനാക്കിയത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കൾ പറഞ്ഞു.
വഖഫ് ബോർഡ് ചെയർമാനായി പി. ശ്രീരാമകൃഷ്ണനെയോ കോഴിക്കോട്ടുകാരനായ പി.കെ പ്രേംനാഥിനെയോ നിയമിക്കണമെന്നായിരുന്നു മുഹമ്മദലി കിനാലൂരിന്റെ നിർദേശം. സക്കീറിനെക്കാൾ എന്തുകൊണ്ടും ആ സ്ഥാനത്തേക്ക് ഇരുവരും യോഗ്യരാണ്. വഖഫ് ബോർഡ് ചെയർമാനാകാൻ വിശ്വാസിയാവണമെന്ന് നിയമമില്ലെന്നാണ് സക്കീറിന്റെ നിയമനത്തിൽനിന്ന് മനസിലാകുന്നത്. മുസ്‌ലിം സമുദായവുമായി അത്രമേൽ ബന്ധമുള്ള രണ്ട് സി.പി.എമ്മുകാർ എന്ന നിലക്കാണ് ഇവരുടെ പേര് നിർദേശിച്ചത്. ആ ബന്ധം പോലും സമുദായവുമായി സക്കീറിനില്ല എന്ന കാര്യം അങ്ങാടിപ്പാട്ടാണെന്നും കിനാലൂരിന്റെ പോസ്റ്റിൽ പറയുന്നു.
വഖഫ് സ്വത്തുക്കൾ പൂർണമായും മതപരമായ ഉദ്ദേശത്തോടെ നൽകുന്നതാണെന്നും അത് കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും മതവിശ്വാസികളായിരിക്കണമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതേതരത്വം എന്നതിനർഥം മതമില്ലായ്മയല്ല. എല്ലാ മതങ്ങളെയും പരിഗണിക്കുക എന്നതാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം മതവിരുദ്ധത ഒളിച്ചുകടത്തുന്ന ഇടത് സർക്കാർ തിരിച്ചറിയണം. ദേവസ്വം ബോർഡും വഖഫ് ബോർഡുമെല്ലാം അതതിന്റെ വിശ്വാസികളെ ഏൽപ്പിക്കുക എന്നതാണ് ആ സംവിധാനത്തോട് സർക്കാർ ചെയ്യേണ്ട ആദ്യ നീതി. അത് അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാസർ ഫൈസി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അവിശ്വാസകൈകളിൽ വഖഫ് ബോഡിൻ്റെ അമാനത്തോ?
ഒരു വസ്തു വഖഫ് ചെയ്താൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. വഖഫ് സ്വത്ത് വാഖിഫ് (വഖഫ് ചെയ്തയാൾ) ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് മാത്രമേ അത് ഉപയോഗിക്കാവൂ. അത് വകുപ്പ് മാറി ചെലവഴിക്കാനോ വിൽപ്പന നടത്താനോ പാടില്ല. ഇസ്ലാമിക നിയമപ്രകാരം അത് കൈകാര്യം ചെയ്യുന്നതിനാണ് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചത്. അതിൻ്റെ നേതൃസ്ഥാനത്തിരിക്കുന്നവർ നിർബന്ധമായും വഖഫ് നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടവരാണ്. പ്രത്യേകിച്ച് ചെയർമാൻ.
ചെയർമാൻ്റെ പ്രഥവും പ്രധാനവുമായ യോഗ്യത വഖഫിൽ വിശ്വാസമുണ്ടാവുക എന്ന് തന്നെയാണ്. ആ വിശ്വാസത്തിൻ്റെ അടിസ്ഥാനം ആദ്യം അല്ലാഹുവിൽ വിശ്വസിക്കുകയാണ്.വിശ്വാസമാവട്ടെ പ്രവൃത്തിയിലും പ്രതിഫലിക്കണം.
എന്നാൽ കേരള വഖഫ് ബോർഡിൻ്റെ ചെയർമാൻ സ്ഥാനത്ത് കേരള സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത് തികച്ചും മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലാ ഒരു വ്യക്തിയെയാണ്. ഇത് കേരളത്തിലെ ഇസ്ലാം മതവിശ്വാസികളെ ധിക്കാരിക്കലും പരിഹസിക്കലുമാണ്. ഇന്ത്യയിൽ മതേതത്വം എന്നതിനർത്ഥം മതമില്ലായ്മയല്ല. എല്ലാ മതങ്ങളേയും പരിഗണിക്കുക എന്നാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം മതവിരുദ്ധത ഒളിച്ചു കടത്തുന്ന ഇടത് സർക്കാർ തിരിച്ചറിയണം. ദേവസ്വം ബോർഡും വഖഫ് ബോർഡുമെല്ലാം അതതിൻ്റെ വിശ്വാസികളെ ഏൽപ്പിക്കുക എന്നതാണ് ആ സംവിധാനത്തോട് സർക്കാർ ചെയ്യേണ്ട ആദ്യ നീതി. അത് അവഗണിക്കുന്നത് പ്രതിഷേധാർഹം തന്നെയാണ്.
എം.കെ സക്കീറിന്റെ നിയമനത്തിനെതിരെ ഓണമ്പള്ളി മുഹമ്മദ് ഫൈസിയും രംഗത്തെത്തി. ഇടതുപക്ഷക്കാരനായിരുന്നെങ്കിലും മുൻ ചെയർമാനായ ടി.കെ ഹംസ ജീവിതത്തിൽ അധ്യാത്മികതയുടെ ഒരു വിളിക്ക് കെടാതെ സൂക്ഷിച്ചയാളായിരുന്നു. പക്ഷേ പുതിയ വഖഫ് ബോർഡ് ചെയർമാൻ മതനിയമങ്ങളിലെ അറിവിലും വിശ്വാസത്തിലും എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതം സാമാന്യേന ബോധ്യപ്പെടുത്തി തരും-ഓണമ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Adjust Story Font
16