Quantcast

അധികസീറ്റ്; ലീഗ് സൗഹൃദ മത്സരത്തിന് തയ്യാറാകണമെന്ന നിർദേശവുമായി സമസ്ത മുഖപത്രം

"യുഡിഎഫിൽ വലിയ ശക്തിയായിട്ടും ലീഗിന്റെ ആവശ്യങ്ങൾ കോൺഗ്രസ് ഒരുകാലത്തും അനുഭാവപൂർണം പരിഗണിച്ചിട്ടില്ല"

MediaOne Logo

Web Desk

  • Published:

    21 Feb 2024 8:52 AM GMT

suprabhatam
X

കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് അനുവദിച്ചില്ലെങ്കിൽ മുസ്‌ലിം ലീഗ് കോൺഗ്രസുമായി സൗഹൃദ മത്സരത്തിന് തയ്യാറാകണമെന്ന നിർദേശവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. ഇത്തരമൊരു മത്സരം ലീഗിന്റെ യഥാർത്ഥ ശക്തി പുറത്തുകൊണ്ടുവരുമെന്നും പാർട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും സുപ്രഭാതം ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അധിക സീറ്റ്: സൗഹൃദ മത്സരത്തിന് തയ്യാറാകുമോ എന്ന തലക്കെട്ടിലാണ് ലേഖനം.

അധിക സീറ്റ് അനുവദിച്ചില്ലെങ്കിൽ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും ലീഗ് കോൺഗ്രസുമായി സൗഹൃദമത്സരത്തിന് തയ്യാറാകണം എന്നാണ് നിർദേശം. ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് ഇതിൽ ഒരു മണ്ഡലത്തിലും ജയിക്കാനാകില്ല. ഇങ്ങനെയൊരു മത്സരം സ്വന്തം വോട്ടുബാങ്ക് ഭദ്രമാക്കാനും നിയമസഭയിൽ അധിക സീറ്റ് നേടാനും സഹായിക്കും. കോൺഗ്രസ് കൈക്കലാക്കിയ രാജ്യസഭാ സീറ്റ് തിരിച്ചുപിടിക്കാനും ഇതുവഴി സാധ്യമാകും- ലേഖനത്തിൽ പറയുന്നു.

യുഡിഎഫിൽ വലിയ ശക്തിയായിട്ടും ലീഗിന്റെ ആവശ്യങ്ങൾ കോൺഗ്രസ് ഒരുകാലത്തും അനുഭാവപൂർണം പരിഗണിച്ചിട്ടില്ലെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടി. 'നാമമാത്ര സ്വാധീനമുള്ള ആർഎസ്പിക്ക് കൊല്ലം വിട്ടുകൊടുക്കാൻ കോൺഗ്രസിന് ഒട്ടും വൈമനസ്യമില്ല. നാളിതുവരെ ഏഴു മുസ്‌ലിംകളെ മാത്രമാണ് കോൺഗ്രസ് പാർലമെന്റിൽ എത്തിച്ചത്. ഈ കുറവ് നികത്തുന്നത് ലീഗിന്റെ എംപിമാരാണെന്നിരിക്കെ സാമുദായിക പരിഗണനയിലും ലീഗിന് നാലു സീറ്റ് വരെ അർഹതയുണ്ട്. മറുവശത്ത് ക്രിസ്ത്യൻ വിഭാഗത്തിന് കോൺഗ്രസും കേരള കോൺഗ്രസും വഴി അധിക പ്രാതിനിധ്യം ലഭിക്കുന്ന ചിത്രം കൂടിയുണ്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇത്തരം അസമത്വങ്ങൾക്ക് കടിഞ്ഞാണിടാനുള്ള അവസരമാക്കി മാറ്റേണ്ട ഉത്തരവാദിത്വം ലീഗ് നേതൃത്വത്തിനുണ്ട്' - ലേഖനം പറയുന്നു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള പല വാർഡുകളും മുന്നണി ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് മത്സരിക്കുകയും ജയിക്കുകയും ചെയ്യുമ്പോൾ അതേ മര്യാദ കോൺഗ്രസ് തിരിച്ചുകാട്ടില്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങേണ്ടി വന്നതും അത് അനാവശ്യവിവാദത്തിന് കാരണമായതും കോൺഗ്രസ് ധാർഷ്ട്യത്തിന്റെ ഉദാഹരണമാണെന്നും ലേഖനം ചൂണ്ടിക്കാട്ടി.

TAGS :

Next Story