'സുപ്രീംകോടതി വരെ പോരാടാൻ തയാർ'; പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ
വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും യൂത്ത്‌ലീഗും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു
ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരായ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗ വിവാദമാകുന്നതിനിടെ വർഗീയശക്തികൾക്കെതിരായ പോരാട്ടത്തിന് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ പി.പി ദിനേശ്. പി.സി ജോർജ് അടക്കമുള്ള വർഗീയ പ്രചാരകർക്കെതിരെ സുപ്രീംകോടതി വരെ നിയമപോരാട്ടത്തിന് താനും സുഹൃത്തുക്കളും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി ദിനേശ് ഇക്കാര്യം അറിയിച്ചത്. പി.സി ജോർജിനെ പോലുള്ള രാഷ്ട്രീയത്തിലെ വിഷവിത്തുക്കൾക്കെതിരെയും മറ്റു വർഗീയ ശക്തികൾക്കെതിരെയും പോരാടാൻ തയാറായി വരുന്നവർക്ക് മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതിവരെ സൗജന്യ നിയമസഹായം തരാൻ താനും എന്റെ സുഹൃത്തുക്കളും തയാറാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മേയ് ഒന്നുവരെ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്റെ വിവാദ പ്രസംഗം. മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുത് എന്നാവശ്യപ്പെട്ട ജോർജ് മുസ്ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.
'യൂസഫലിയുടെ മാള്... ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.'- പ്രസംഗത്തിൽ ജോർജ് പറഞ്ഞു.
'ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ... ചായയ്ക്കുള്ളിൽ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. ഇംപൊട്ടന്റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.' - അദ്ദേഹം ആരോപിച്ചു.
വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയാൻ പി.സി ജോർജ് തയാറാകണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.
Summary: Supreme Court Lawyer offers free legal aid in PC George's hate speech
Adjust Story Font
16