തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.
കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ എം.സ്വരാജിന്റെ ഹരജിയില്‍ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് വിധി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് നൽകിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.
കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്‌തെന്നും ഹരജിയിൽ സ്വരാജ് ആരോപിച്ചിരുന്നു.
എന്നാൽ, ഈ ഹരജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. ബാബുവിന് എം.എല്‍.എയായി തുടരാമെന്നും ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ബെഞ്ച് വിധിച്ചു. ഇതിന് പിന്നാലെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്.
എം. സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തള്ളി. സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്‌തു. തുടർന്നായിരുന്നു ഹൈക്കോടതിയിൽ ഹരജിയിൽ അന്തിമവാദം നടന്നത്.
അവസാന റൗണ്ട് വരെ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എം.എല്‍.എ. കൂടിയായ സിപിഎം സ്ഥാനാർഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ. ആയിരുന്ന മണ്ഡലം കൂടിയായിരുന്നു തൃപ്പൂണിത്തുറ. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ല്‍ ബാബു തെരഞ്ഞെടുക്കപ്പെട്ടത്.
Adjust Story Font
16